മോടിയോടെ ചില മൊടകള്‍

0

ഇന്ത്യ നമ്മുടെ രാജ്യമാണ്. കാശില്ലാത്ത എല്ലാ സഹോദരീ സഹോദരന്‍മാരും തുല്യരാണ്. മോടിയുടെ കാര്യത്തിലും മൊടയുടെ കാര്യത്തിലും ഈ സഹോദരര്‍ പിന്നിലാണ്. അതുകൊണ്ട് തന്നെ ഇക്കൂട്ടരെ, ലോകത്തിനു മുന്നില്‍ എടുത്തുകാട്ടാന്‍ കഴിയില്ല. കൈയ്യില്‍ കാശുമില്ല, കാണാന്‍ വൃത്തിയുമില്ല. 99 ശതമാനവും ഇത്തരക്കാരായിപ്പോയി. ഭാഗ്യത്തിന് പ്രധാനമന്ത്രിയോളം മോടിയുള്ള ഒരുശതമാനം പേരെങ്കിലുമുണ്ട്. നല്ല കാശ്, നല്ല കോട്ട്, പോരാത്തതിന് മുന്തിയ ഭക്ഷണം കഴിച്ച് ശീലമുള്ളതുകൊണ്ട് നല്ല ലുക്കും.

കൂട്ടുകൂടാനും പടംപിടിക്കാനും ചായകുടിക്കാനും പഴയ ചായക്കടക്കാരനൊത്ത തണ്ടി. പേരില്‍ തന്നെയുണ്ട് ഗരിമ. അംബാനി, ടാറ്റ, ബിര്‍ല, അദാനി എന്നിങ്ങനെ തുടങ്ങി വിജയ് മല്യ, ലളിത് മോഡി, നീരവ് മോഡി അങ്ങനെ എണ്ണമറ്റവര്‍. ആഹാ…..അതുപോലല്ലല്ലോ ബാക്കി 99 ശതമാനം. ഗ്യാസ് സബ്‌സിഡി, റേഷന്‍ വിഹിതം, മണ്ണെണ്ണ വിഹിതം, പെന്‍ഷന്‍ എന്നിങ്ങനെ ഒടുക്കത്തെ നിലവിളിയാണ്. വന്ന് വന്ന്് പെട്രോള്‍ അടിക്കാന്‍പോലും നിവര്‍ത്തിയില്ലത്രേ. ആധാര്‍ പോയിട്ട് ആധാരം പോലുമില്ലാത്തവരും കൂട്ടത്തിലുണ്ട്. എന്തിന് പറയുന്നു, തിന്നുന്നത് പുറംതള്ളാന്‍ കക്കൂസ് പോലുമില്ല. ആയ്യേ….ദാരിദ്രം.

സ്വിസ്ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്താല്‍, പതിനഞ്ചുലക്ഷമെങ്കിലും വച്ച് കിട്ടുമെന്നാണ് കസേരയിലെത്തുംമുമ്പ് മോഡിയണ്ണന്‍ പറഞ്ഞത്. അങ്ങിനെയാണ് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ നെട്ടോട്ടമോടിയതും. പേരുതന്നെ കിടിലം ‘ജന്‍ ധന്‍’. ലക്ഷംരൂപ മിച്ചം പിടിച്ചാല്‍ പണിക്കിറങ്ങാതെ നടക്കാമെന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആധാര്‍ ബന്ധനമൊക്കെ കഴിഞ്ഞ് കാത്തിരിപ്പ് തുടങ്ങിയിട്ട് നാലുവര്‍ഷമായി.

പിന്നെ 500, 1000 നോട്ടിന്റെ പഴങ്കഥ. വെയിലത്ത് ക്യൂനിന്നെങ്കിലെന്താ? പോരാട്ടം ഈ കള്ളപ്പണക്കാര്‍ക്കെതിരേ ആയിരുന്നല്ലോ. കോടീശ്വരന്‍മാരുടെ ആപ്പീസ് പൂട്ടാനുള്ള പരിപാടി എന്നുകേള്‍ക്കുമ്പോ തന്നെ നല്ല സുഖം. ചോദിച്ച സമയം 50 ദിവസം. ഇപ്പൊ ഒരു കൊല്ലവും കഴിഞ്ഞു. കഴുത്തിനുമുകളില്‍ തലയും കൊണ്ട് നടക്കില്ലെന്ന് പ്രഖ്യാപിച്ചയാളെ പല രാജ്യങ്ങളും കണ്ടവരുണ്ടത്രേ. അക്ഷരാഭ്യാസം കുറവാണെങ്കിലും പത്രത്തിലെ പടം കണ്ടാലും മനസിലാവുണ്ട്. എന്തൊരു മോടിയാണ് ആ ഇരിപ്പിന്.

മാസാമാസം മിനിമം ബാലന്‍സായി കാലണ ഇല്ലാത്തതിനാല്‍ കൃത്യമായി പിഴ ഈടാക്കുന്ന ബാങ്കുകളുണ്ടത്രേ. കണക്കായിപ്പോയി. അല്ലപിന്നെ, നിനക്കൊക്കെ കിട്ടേണ്ട പണം സുരക്ഷിതമാണ്. അത് ആ സ്വിസ് ബാങ്ക് അക്കൗണ്ടില്‍തന്നെയുണ്ട്. അതുവാങ്ങിയെടുക്കാനാണ് സ്വന്തം രാജ്യത്തെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളില്‍ കറങ്ങിനടക്കുന്നത്. രാജ്യംവിട്ട ഒരുത്തനേയും വെറുതെവിടില്ല. കൈയോടെ പൊക്കും, അപ്പത്തന്നെ കാശും വാങ്ങും. എപ്പഴാ ലക്ഷങ്ങളുമായി പ്രധാനമന്ത്രി മടങ്ങിവരുന്നതെന്നറിയില്ല. അപ്പോ ഇട്ടുതരാന്‍ നിനക്കൊക്കെ ഒരക്കൗണ്ട് എങ്കിലും കാണുമോഡേ….


Loading...

LEAVE A REPLY

Please enter your comment!
Please enter your name here