നിറം മാറും, ഗുണം മാറില്ല

0

അവസരത്തിനൊത്ത് ഓന്തിനെപ്പോലെ നിറംമാറുമെങ്കിലും ആവശ്യത്തിന് ഉപകരിക്കുമെന്നതാണത്രേ ഒരു ഗുണം. അതതുകാലത്തെ അധികാരികളോട് കൂറുള്ളവനാണ്. ജനപ്രതിനിധികളെപ്പോലെ ജനങ്ങളോടല്ല കൂറെന്ന് അര്‍ത്ഥം. സ്ഥാനമാനങ്ങള്‍ തരുന്നതും ശമ്പളം തരുന്നതും പിണറായി സര്‍ക്കാരാണെന്ന നല്ല ബോധ്യമുള്ളയാളാണകണം പോലീസ് മേധാവി. ജനങ്ങളുടെ പണമാണ് എന്നൊക്കെ ഒരു ഓളത്തിന് പറയാം.

സെന്‍കുമാറിനെപ്പോലെയല്ല ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനപോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ ഏതുപദവിയിലിരുത്തിയാലും ശോഭിക്കും. ബാഹുബലിയിലെ ‘കട്ടപ്പ’യെപ്പോലെ മൊട്ടത്തലയില്ലെന്നേയുള്ളൂ, ഒരു നല്ല പണിക്കാരന്റെ ഗുണഗണങ്ങള്‍ നൂറിരട്ടിയാണ്. അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തി കസേരപിടിച്ച പിണറായി സര്‍ക്കാര്‍ പറയും അഴിക്കേണ്ടത് ഏത്, കുരുക്കേണ്ടത് ഏത് എന്ന്. കട്ടപ്പ  അതനുസരിച്ച് പിന്നില്‍നിന്നും മുന്നില്‍ നിന്നും കുത്തും.

വേണ്ടപ്പോള്‍, വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നവനനെന്ന ഖ്യാതി പണ്ടേയുണ്ട്. ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പണ്ടെവിടെയോ കേട്ടപോലെ തോന്നും പിണറായിക്ക്. അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ശരിയാക്കിത്തരാമെന്നോ മറ്റോ പറഞ്ഞിട്ടുണ്ടത്രേ. മാണിയെ അധിക്ഷേപിച്ചിരുന്ന കാലത്തും ‘സാര്‍’ പദവി കൈവിട്ടിട്ടില്ല സഖാക്കള്‍. ”കോഴ മാണി സാര്‍…” എന്നേ വിളിച്ചിട്ടുള്ളൂ. ഇപ്പൊ അതുശരിയാക്കി പണ്ടത്തെപ്പോലെ ‘മാണി സാറേ….’ എന്നു നീട്ടിവിളിക്കുന്നു. കുറച്ചുകഴിഞ്ഞാല്‍ ‘മാണി സഖാവേ…’ എന്നുവിളിക്കേണ്ടവരാണെന്ന ഓര്‍മ്മ വേണമല്ലോ.

ഇഷ്ടക്കാരുടെ നീണ്ടനിരയ്ക്ക് ഇതുപോലെ പരവതാനി വിരിച്ചുകൊടുക്കാന്‍ വേറെ ആരെ കിട്ടും?. വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് തരംതാഴ്ത്തി വരുതിനില്‍ക്കുന്ന ഒരാളെ നിയമിച്ചില്ലേല്‍ ഒന്നും ശരിയാവില്ല. ഡി.ജി.പി. റാങ്ക് എന്ന കീറാമുട്ടിയെ പച്ചക്ക് കത്തിക്കണം, അല്ലേല്‍ വരുന്നത് കട്ടപ്പയ്ക്ക് പകരം കപ്പടാ മീശയുള്ളവരാകും. ഋഷിരാജ് സിങ് എന്നോ മറ്റോ ആണ്. ആ പേര് വിളിക്കാന്‍തന്നെ സാക്ഷാല്‍ പിണറായിയും പാടുപെടേണ്ടിവരും. ഇത്തരക്കാര്‍ സീറ്റിലെത്തിയാല്‍ ‘അഴി’മതി എന്ന മട്ടിലാകും കേസുകളുടെ പോക്ക്. ജനത്തോട് പണ്ട് പറഞ്ഞത് എന്തെന്ന് ഇടയ്ക്കിടെ ഓര്‍ക്കേണ്ടിയും വരും. കാരണം ശമ്പളം തരുന്നത് ജനങ്ങളാണ് എന്നൊരു തിരിച്ചറിവുള്ളവരാണ് ഇനി ഡി.ജി.പി. തസ്തികയിലുള്ളതത്രേ.

പണ്ട് കൊച്ചി കമ്മീഷണറായിരുന്നപ്പോള്‍, ഭീഷ്മാചാര്യനായ മുഖ്യന്റെ മകളുടെ കൊച്ചിനെ ഒക്കത്തുവച്ച് പിന്നാലെ നടന്നയാളാണ്. അന്നേ പിണറായി നോട്ടമിട്ടതാണ്. കാവിയുടെ കീഴിലായാല്‍ ചാണകമിടും, ചുവപ്പന്റെ ഭരണമായാല്‍ പോലീസ് തൊപ്പി മാറ്റി ചെഗുവേര തൊപ്പി വയ്ക്കും. ഇത്തരക്കാര്‍ ഇനിയും പോലീസില്‍ സ്‌റ്റോക്കുണ്ട്. ലിസ്റ്റ് പിണറായിയുടെ കൈയ്യിലും. വിജിലന്‍സ് തസ്തികയ്ക്ക് പകരം അഗ്‌നിശമനസേനാ ഡയക്ടര്‍ പദവി കേഡര്‍ പദവിയായി നിലനിര്‍ത്തണം നല്ലത്. പിന്നെ ബെഹ്‌റയ്ക്ക് അവിടെയിരിക്കാം. ഈ ജനങ്ങളെയൊക്കെ ഒന്നുകുളിപ്പിച്ചുവൃത്തിയാക്കി എടുക്കേം ചെയ്യാം പുരയ്ക്ക് തീപിടിച്ചാല്‍ ഉപകരിക്കേം ചെയ്യും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here