‘കണ്ണാടി’ക്കൂട്ടിലേക്ക് കല്ലെറിയല്ലേ……

0

ദീര്‍ഘദൃഷ്ടി നല്ല രാഷ്ട്രീയക്കാരുടെ ലക്ഷണമാണ്. പിന്നുള്ളത് ഹ്രസ്വദൃഷ്ടി, സ്വന്തം കാര്യങ്ങളില്‍ അതുംനല്ലതാണ്. ഇടതുനേതാക്കള്‍ക്കാണ് ഈ രണ്ടുകാര്യത്തിലും അവഗാഹമുള്ളത്. അതാണ് ഇടതുപക്ഷത്തിന്റെ ‘ഒരിത്’. ആ ഒരിത് കണ്ടിട്ടാണ് ഇടതുനേതാക്കളില്‍ ജനം ഇപ്പോഴും ഒരു പ്രതീക്ഷ പുലര്‍ത്തുന്നതെന്നതത്രേ. ജനപ്രതീക്ഷ അങ്ങനെയായതിനാല്‍, മാധ്യമങ്ങള്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റില്ല. അതാണ് ഇടതുകണ്ണും വലതുകണ്ണും കൊണ്ട് മാധ്യമങ്ങള്‍ ‘അറഞ്ചം പുറഞ്ചം’ ഇടതുനേതാക്കളെ തലോടുന്നത്. അവര്‍ക്കാകട്ടെ, നേര്‍ക്കാഴ്ച മാത്രമല്ല ദീര്‍ഘഹ്രസ്വവക്ര എന്നുതുടങ്ങിയ ചില ‘ചക്ര’ ദൃഷ്ടികള്‍ വരെയുണ്ട്. പറഞ്ഞിട്ടുകാര്യമല്ല, ജനാധിപത്യ രാജ്യത്ത് ഇത്രയധികം അഭിപ്രായസ്വാതന്ത്ര്യം പാടില്ല. ഇക്കാര്യത്തില്‍ മോഡിജിക്കും ഉമ്മന്‍ജിക്കും ഇടത്പക്ഷത്തിനും ഒരേ ഹ്രസ്വദൃഷ്ടി തന്നെ. കോടതിതന്നെ ശരണം.

സംസ്ഥാന ഖജനാവില്‍ പൈസയില്ല. ജനത്തിന്റെ ദൈനംദിനകാര്യങ്ങള്‍ നോക്കി നടത്താനാവാത്ത വിധം ‘ദൈന്യത’യിലാണ് പിണറായി സര്‍ക്കാര്‍. മുണ്ടുമുറുക്കി ഉടുക്കണമെന്നാണ് ധനകാര്യസ്ഥന്‍ തോമസ് ഐസക്കിന്റെ നിര്‍ദ്ദേശം. ഭാഗ്യത്തിന് പാന്റ്‌സ് ഇടുന്ന ആരും മന്ത്രിസഭയില്ല. എല്ലാവരും മുണ്ടുതന്നെ. ഈ ഒരു പഴുതാണ് ആരോഗ്യമന്ത്രിക്ക് തുണയായത്. സ്ത്രീരത്‌നമാണ്. ചട്ടയും മുണ്ടും പറ്റില്ല. സാരിയാണ്. അതുകൊണ്ടുതന്നെ അല്‍പം ആഢംബരമാകാം. 28000ത്തിന്റെ സ്വര്‍ണ്ണംപൂശും കണ്ണാടിയില്‍ തുടങ്ങി ഭര്‍ത്താവിന്റെ ചികിത്സക്കിടെ കഞ്ഞികുടിച്ചതും പഴംപുഴുങ്ങി തിന്നതും വരെ എഴുതിയെടുത്തിട്ടുണ്ട്. ഒന്നും ചട്ടവിരുദ്ധമല്ല. ‘ആരോഗ്യം’ കാക്കേണ്ടത് ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അത് ഭര്‍ത്താവിന്റെയായാലും ജനത്തിന്റെയായാലും.

ഭരണപക്ഷത്തിന്റെ ശബ്ദം ഉച്ചത്തില്‍ മുഴക്കേണ്ടയാെളയാണോ ഈ സ്പീക്കര്‍, സ്പീക്കര്‍ എന്നുപറയുന്നത് എന്നറിയില്ല. സുമുഖ സുന്ദരനാണ്. നേതാവിനുവേണ്ട ഗുണഗണങ്ങള്‍ പണ്ടേയുണ്ട്. ഹ്രസ്വദീര്‍ഷ്ടിക്ക് ഹ്രസ്വം, ദീര്‍ഘദൃഷ്ടിക്ക് ദീര്‍ഘം. ഈയിടെ പരിശോധന നടത്തിയ ഡോക്ടറാണ് കണ്ടെത്തിയത്, പുതിയ ലെന്‍സ് തന്നെ വേണം. ജാഗ്രതക്കുറവ് ഉണ്ടായെന്ന് ആരും ഇനി പരാതിപ്പെടരുത്. കണ്ണാടിയുടെ വില അരലക്ഷം തികഞ്ഞില്ല, നാല്‍പത്തൊന്‍പതിനായിരത്തി ചില്ലറ. വിവാദങ്ങള്‍ എന്തിനാണ് എന്നുമാത്രം മനസിലാകുന്നില്ല. ‘ഉള്‍ക്കാഴ്ച’ പഴയപോലെ ശരിയാകാന്‍ നല്ല കണ്ണട വാങ്ങിവച്ചാല്‍ മാത്രം പോരല്ലോ.

മുണ്ട് മുറുക്കാന്‍ പറഞ്ഞിട്ട് ഒന്നും ചെയ്തില്ലെന്നു പറയരുത്. അതാണ് ധനകാര്യസ്ഥനായ ഐസക് തോര്‍ത്ത് വാങ്ങിയതിന്റെ കാശ് വരെ ജനത്തിന്റെ ചെലവിലാക്കിയത്. സ്വകാര്യ ആയുവേദത്തിന് ചെലവേറും. പക്ഷേ, 15 ദിവസത്തെ ‘പിഴിച്ചി’ലിന് ഒരു ലക്ഷത്തി ഇരുപതിനായിരം മാത്രമേ പിഴിഞ്ഞെടുത്തുള്ളൂ. ആദായകരം തന്നെ. 12 ലക്ഷത്തിന്റെ ഹെലികോപ്റ്റര്‍ യാത്ര 8 ലക്ഷത്തിന് തരപ്പെടുത്തി ജനത്തിന്റെ 4 ലക്ഷം രൂപയ ലാഭിച്ച മുഖ്യന്റെ കാര്യസ്ഥനല്ലേ, ഇതിലും നല്ല ലാഭം കിട്ടിയിട്ടുണ്ട്.

ഇടതുനേതാവിന്റെ മകന്‍ നീന്തുന്നത് ‘കടലിലാണ്’. കടലില്‍ കായം കലക്കുന്ന പാര്‍ട്ടി നേതാവിന്റെ ഓമനപ്പുത്രനോട് കുളത്തില്‍ നീന്തിയാല്‍ പോരെ എന്നുചോദിക്കുന്ന ജനങ്ങളെ എന്തുചെയ്യണം? വിവരദോഷികള്‍ക്ക് ഇപ്പോഴും നമ്മള്‍ ‘ദരിദ്രപ്പാര്‍ട്ടി’കള്‍ തന്നെ. മാറ്റിയെടുക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്. നേതാക്കളും മക്കളും പെമ്പളമാരുമെല്ലാം ഈ ‘ആശയദാരിദ്ര്യം’ പുറത്തറിയിക്കാറുമുണ്ട്. പൊതുജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി സഖാവ് പറഞ്ഞതിന്റെ പൊരുള്‍ ഇനിയും മനസിലായിട്ടില്ല. അതാണ് ഇടതുപക്ഷനേതാക്കളെക്കുറിച്ചുള്ള നാട്ടുകാരുടെ ഇമ്മാതിരി ‘ലാളിത്യ’ച്ചര്‍ച്ചക്ക് കാരണം. കണ്ണാടിക്കൂട്ടിലേക്ക് വെറുതെ കല്ലെറിയുന്നു. കഷ്ടം തന്നെ തൊഴിലാളികളെ…കഷ്ടം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here