ചന്തുവിനെ തോല്‍പിച്ച ഉപദേശികള്‍

0

ഇരട്ടച്ചങ്കില്‍ ഒരു ‘കനല്‍ത്തരി’ കോരിയിട്ട തെരഞ്ഞെടുപ്പ് ഫലം നല്‍കാന്‍ ജനത്തെക്കൊണ്ട് തീരുമാനമെടുപ്പിച്ചതിനുപിന്നിലെ ചേതോവികാരം എന്താകും? . ബ്രാഞ്ച് തലം മുതല്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. സത്യത്തില്‍ ചന്തുവിന്റെ അടവുകളെല്ലാം പതിനെട്ടാംപടി കടത്തിവിട്ട ആ ഉപദേശികള്‍ കൊട്ടാരത്തിനകത്ത് പതുങ്ങിയിരിപ്പാണ്. ആറുപദേശികള്‍ ഒരു ദിനം ആറ് ഉപദേശം വച്ച് കൊടുത്താല്‍ തന്നെ മാസം ഏറ്റവും കുറഞ്ഞത് 180 ഉപദേശം കേള്‍ക്കേണ്ടിവരുന്ന ഒരു മുഖ്യന്റെ അവസ്ഥയെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?

പ്രശ്‌നാധിക്യം കൊണ്ട് ഇനി ഒരു ദിനം ഓരോരുത്തരും ആറുപദേശം വച്ച് നല്‍കിക്കഴിഞ്ഞാലോ? 36 ഉപദേശം. അങ്ങനെ ചിലമാസങ്ങളില്‍ 1080 ഉപദേശം വരെ പോയേക്കും. ഏതു ഇരട്ടച്ചങ്കും ഒറ്റച്ചങ്കാക്കാന്‍ അതുമാത്രം മതിയാകും.

ഓഖി വന്നാല്‍ ഓടിയെത്തണോ?, കസേരയിലിരുന്ന് കൃത്യമായ സഹായം എത്തിച്ചാല്‍ മതിയോ?, മലമുകളില്‍ കുരിശുകണ്ടാല്‍ പേടിക്കണോ? കണ്ണടയ്ക്കണോ? നവോദ്ധാനം നടപ്പാക്കുന്നതിന്റെ തീവ്രത എത്രവേണം? വിദേശയാത്രയില്‍ എത്രശതമാനം വിനോദമാകാം? എത്ര ഉപഹാരങ്ങള്‍ സ്വന്തമാക്കാം? നവകേരള നിര്‍മ്മാണത്തിന് എത്രരൂപ കടംവാങ്ങാം? സ്വന്തക്കാരുടെ ദുരിതങ്ങള്‍ക്ക് എങ്ങനെയെല്ലാം ആശ്വാസമേകാം?

തലയ്ക്കിട്ടുതട്ടുന്ന മാധ്യമങ്ങളെ എങ്ങനെ നിലയ്ക്കുനിര്‍ത്താം? . ഒരു പ്രസംഗത്തില്‍ പഞ്ച് ഡയലോഗുകള്‍ എത്രയെണ്ണം വേണം? എന്നിങ്ങനെ സംശയം തോന്നുന്ന എല്ലാറ്റിലും അത്യുഗ്രന്‍ ഉപദേശങ്ങളാണ് പാവം മുഖ്യന് ലഭിച്ചതും. പറയേണ്ടത് പറയേണ്ടപോലെ പറയിപ്പിക്കും ഈ ഉപദേശികള്‍. ചിലപ്പൊ മധുരരാജ, മറ്റുചിലപ്പൊ പോക്കിരിരാജ അത്യുഗ്രന്‍ ശൈലിയില്‍ മുഖ്യനത് ഏറ്റുപാടും. ശൈലീമാറ്റം വേണ്ട, ഈ ഉപദേശികളെ മാത്രം പിടിച്ച് കിണറ്റിലിടുകയോ കണ്ടം വഴിയോടിക്കുകയോ ചെയ്താല്‍ മതി, മുഖ്യനും പാര്‍ട്ടിയും രക്ഷപ്പെടും. ഒപ്പം സംസ്ഥാന ഖജനാവിലും 30 ലക്ഷത്തോളം മാസലാഭം.

വിരട്ടലും വിലപേശലുമൊക്കെ പൊതുജനത്തിനോട് എത്രയാകാം എന്നതുമാത്രം ഈ ഉപദേശികളിലൊരാള്‍ പോലും ഉപദേശിച്ചില്ലെന്നതാണ് പരാജയകാരണങ്ങളില്‍ പ്രധാനം.വനിതാമതിലില്‍ ചെലുത്തിയ ഈ വിലപേശലും ‘സാലറി ചലഞ്ച്’ എന്ന മനോഹര വിരട്ടലും എത്രമാത്രം വോട്ടിങ്‌മെഷീനില്‍ പതിഞ്ഞു എന്നു കണ്ടറിഞ്ഞതുതന്നെ മിച്ചം. ദിനംപ്രതി ഉപദേശങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇവരെല്ലാം കൂടി എല്ലാം ശരിയാകുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here