നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത ജനങ്ങളെ വച്ചുപൊറിപ്പിക്കരുത്…

0

ഇത്തവണ ഈ ‘ഗണേശ’ പ്രതിമയെ സന്തോഷപൂര്‍വ്വം കൈപ്പറ്റി ബോധിച്ചത് ഇടതുമുന്നണിയായിരുന്നു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ നല്ലവണ്ണം വെള്ളംകുടിപ്പിച്ച ഈ സൗഭാഗ്യത്തെ ഇടതുമുന്നണി സ്വമനസാലെ സ്വീകരിച്ചതുകൊണ്ട് നല്ല ‘ഫലം’ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. പിണായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയൊക്കെ നന്നായി നടപ്പാകുന്നതങ്ങനെയാണ്.

തട്ടകം സിനിമയായതിനാല്‍, ഗണേശന് എല്ലാം സിനിമാറ്റിക്കാണ്. മുന്നില്‍ വരുന്നവരൊക്കെ വില്ലന്മാരെന്ന് തോന്നിപ്പോകും. മുണ്ട് മടക്കിക്കുത്തി മോഹന്‍ലാല്‍ സ്‌റ്റെയിലില്‍ കാറിന്റെ ഡോര്‍ ചവിട്ടിയടച്ച്, ‘നെട്ടൂൂരാാനാനോടാാ നിന്റെ കളി’ എന്ന് ചോദിച്ചേ ഈ ദാസപ്പന് ശീലമുള്ളു.

പണ്ടേ ഈ ശൈലി കണ്ടുതന്നെയാണ് പത്തനാപുരത്തുകാര്‍ ഈ മൊതലിനെ സന്തോഷപൂര്‍വ്വം വീണ്ടും വീണ്ടും നിയമസഭയിലേക്ക് അയക്കുന്നത്. ചില എമ്പോക്കി മാധ്യമങ്ങള്‍ നാട്ടുപ്രമാണിയെന്നും മാടമ്പിയെന്നുമെല്ലാം കളിയാക്കുന്നുണ്ട്. തള്ളക്ക് ചേര്‍ത്ത് താരാട്ട് പാടാന്‍ അറിയാഞ്ഞിട്ടല്ല, പിന്നെ വേണ്ടെന്ന് വച്ചിട്ടാണ്.

സുതാര്യജീവിതമാണ് നയിക്കുന്നത്. എല്ലാക്കഥകളും അങ്ങാടിപ്പാട്ടാണ്. പണ്ടൊരു പാതിരാത്രി ഒരു ‘സരിതാ’ യാനം കായലിലൂടെ ഓടിച്ചിട്ടും, കുടുങ്ങിയത് പാവം സഹമന്ത്രിയാണ്. ഉമ്മന്‍ജിയുടെ മുട്ടുവേദനക്കഥയൊക്കെ പാടിനടന്നിട്ടും ഗണേശനെ തൊട്ടുനോവിക്കാന്‍പോലും ആ മഹിളാരത്‌നം തയ്യാറായില്ല. മഹാനടന്റെ വരെ പേരുതന്നെ മൊഴിഞ്ഞിട്ടും ഗണേശന്റെ ഗുണഗണങ്ങളാണവള്‍ വാഴ്ത്തിയതും. അബ്ദുള്ളക്കുട്ടിയൊക്കെ ഓടിയ കണ്ടത്തില്‍ ഇനിയും പുല്ല് കിളിര്‍ത്തിട്ടുമില്ല. അപ്പോഴാണ് ഒരു അമ്മയും മോനും കാറുമായിറങ്ങിയിരിക്കുന്നത്.

ഒരു എം.എല്‍.എയുടെ കാറിന് സൈഡ് തരാന്‍ മനസില്ലാത്ത ജനാധിപത്യം വച്ചുവാഴിക്കാന്‍ പാടില്ല. നിയമസഭയില്‍ മിണ്ടാതിരിക്കുന്ന സഹ എം.എല്‍.എമാര്‍ക്കും ഈ അനുഭവം വന്നുചേരുമ്പോഴേ ആ വേദന മനസിലാകൂ. പൂഞ്ഞാറിലെ മറ്റൊരു പ്രതിമക്ക് മാത്രമാണ് ‘നാട്ടില്‍ പ്രഭുക്കളെ കണ്ടാലറിയാത്ത’ ആ ജനവഞ്ചന മനസിലാക്കാനായത്.

ഇത്തവണയും അപ്പന്റെ മിടുക്കും പഴയ തഴമ്പുംകൊണ്ട് രക്ഷപ്പെട്ടു. ‘മാപ്പ്’ എന്ന വാക്ക് ഗണേശന്റെ നിഘണ്ടുവില്‍ പണ്ടേയില്ല. പിന്നെ അഭിനയം കുലത്തൊഴിലാക്കിയതുകൊണ്ട് ആ പറഞ്ഞ ‘മാപ്പ്’ വെറും അഭിനയമായി കണക്കാക്കിയാല്‍ മതി. ഇത്രേയുള്ളൂ ജനാധിപത്യമെന്ന് ഇനിയെങ്കിലും മാധ്യമങ്ങള്‍ മനസിലാക്കിയാല്‍ നന്ന്. അഞ്ചുകൊല്ലം കഴിഞ്ഞാലും ഈ പ്രതിമയെ പത്താനപുരത്തുകാര്‍ വച്ചൊഴിയുമെന്ന വ്യാമോഹം വേണ്ട.

പണാധിപത്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഗണേശനെ ജനാധിപത്യം മന്ത്രിമന്ദിരത്തില്‍ കയറി പഠിപ്പിച്ച ആണൊരുത്തനേ ഉണ്ടായിട്ടുള്ളൂ. അവന് സ്തുതി. ഭാര്യയുമായി സംബന്ധം ആലോചിച്ചതറിഞ്ഞ് ഗള്‍ഫില്‍ നിന്നും വിമാനം പിടിച്ചുവന്നാണ് ആ ഒറ്റക്കല്‍ ‘വിഗ്രഹ’ത്തിനിട്ട് തട്ടിയത്. മുഖത്ത് പതിപ്പിച്ച ആ കൈപ്പത്തി മുദ്ര ആരും മറന്നിട്ടുമില്ല. അന്നുമാത്രമാണ് ജനാധിപത്യബോധം മാനത്ത് തെളിഞ്ഞുകണ്ടത്.

പിന്നെ, മാടമ്പികളാകുമ്പൊ അല്‍പസൊല്‍പ തല്ലുകേസും പെണ്ണുകേസുമൊക്കെ ഉണ്ടായെന്നിരിക്കും. അതൊരലങ്കാരമാണ്. അതറിയാത്തവമാര്‍ മാടമ്പപ്പള്ളിയിലെ ദാസപ്പനിട്ട് ചൊറിയാന്‍ വരരുത്. കോട്ടിട്ട മാധ്യമ ജ്ഡ്ജിമാരോടും അവര്‍ക്ക് കൈയടിക്കുന്ന ജനങ്ങളോടും ഒന്നേ പറയാനുള്ളൂ…”പോ മോനേ, ദിനേശാ…”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here