പൊതുജനമാണ്…സര്‍…, നട്ടെല്ലിനിട്ട് പണിയരുത് സാര്‍…

0
2

സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ്. നല്ലതൂവെള്ള ലിനന്‍ ഷര്‍ട്ട്…ഖദറല്ലേ….അല്ല (വീണ്ടും ചോദിക്കരുത്. അല്ല, അല്ല, അല്ല), വേണേല്‍ നല്ല പ്ലയിന്‍ കളര്‍ ഷര്‍ട്ടാകാം. താടി ഡ്രിം ചെയ്ത് ഫെയ്‌സ്ബുക്കില്‍ നാലു വര്‍ത്താനം പറയണ നമ്മട യൂത്ത് പിള്ളാരപ്പോലെ. ബട്ട് മുണ്ട് നിര്‍ബന്ധം. മുഖത്തടിച്ചാല്‍ മറുകരണം കാണിക്കാന്‍ അറിയാന്‍ മേലാഞ്ഞിട്ടല്ല. പണ്ടത്തെപ്പോലെ സഹനശക്തി ഇപ്പോഴില്ലെന്നറിയണം. നല്ല നറുനെയ്യും കൂട്ടി ഉണ്ടുറങ്ങിയേ പണ്ടേ ശീലമുള്ളൂ. അതോണ്ടാ, ഈ സഹനശക്തിക്കുറവ്. അതുകൊണ്ട് പിള്ളാരെ കുറ്റംപറയാനൊക്കുകേലാ.

പിന്നല്ല, രാവിലെ കുളിച്ച് കുട്ടപ്പനായി സെക്രട്ടേറിയറ്റിനു മുന്നില്‍ കൊതുകുകടി കൊണ്ട് കിടന്നവനെ കാണാനിറങ്ങിയ പ്രതിപക്ഷനേതാവിനെ ‘പ്രതി’യാക്കിയാല്‍ എങ്ങനെ പ്രതികരിക്കണം. നട്ടെല്ലിന്റെ എണ്ണമെടുത്തതാണ്. നന്നായി ചളുക്കിയിട്ടുണ്ട്. വിചാരിച്ചപോലല്ല, ഒന്നേയുള്ളൂ…ഇനി പേടിക്കണ്ട. ഇനി ഒരുത്തനും നട്ടെല്ലുനിവര്‍ത്തി നിന്ന് ‘പൊതുജനമാണ് സര്‍…’ എന്ന് കുരയ്ക്കില്ല.

സോഷ്യല്‍ മീഡിയാ വന്നതിന്റെ തിളപ്പാണ്. പണ്ട് നട്ടെല്ലുവളഞ്ഞ് നിന്ന് ”സാറേ…” എന്നു തികച്ചുവിളിക്കാതെ കാര്യങ്ങള്‍ പറഞ്ഞിരുന്നവരാണ് ഈ പൊതുജനം. അല്ലാതെ ആരെടാ എന്നു ചോദിക്കുമ്പോള്‍ കബാലി മാതിരി, ”പൊതുജനമെടാ…” എന്നാക്രോശിച്ചാല്‍ കുനിച്ചു നിര്‍ത്തി നട്ടെല്ലിനിടിക്കും. അതാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

ഫുള്‍സ്‌റ്റോപ്പില്ലാതെ പ്രസംഗിക്കുന്ന പാര്‍ട്ടിയിലെ പ്രമുഖ മഹിളാനേതാവിന്റെ പ്രസംഗത്തിന് മൈക്ക് ഓഫ് ചെയ്ത് ഫുള്‍സ്‌റ്റോപ്പിട്ട പോലീസ് നടപടിക്കെതിരേയുള്ള വിലാപം എല്ലാവരും ഓര്‍ക്കണം. അതും സംഭവം നടന്നത് കോണ്‍ഗ്രസ് ഭരണകാലത്തും. പോരാഞ്ഞ് ചെന്നിത്തല നേതാവ് ആഭ്യന്തരകാര്യം നോക്കിയിട്ടും കോണ്‍ഗ്രസുകാര്‍ക്കീ ഗതിയാണ്. എന്തുകൊണ്ടാണത്? സഹനശക്തി കൂടുതലാണെന്ന് പൊതുവേ പേരുദോഷമുണ്ട്, അത്രതന്നെ. ഒരു സഖാവിന്റെ മൈക്കിന്റെ കഴുത്തിനുപിടിക്കാന്‍ പോലീസ് ധൈര്യപ്പെടുമോയെന്ന മഹിളാ നേതാവിന്റെ നിലവിളി ഒരു കോണ്‍ഗ്രസുകാരും മറക്കരുത്. പേരുമാറ്റം പോലെ എളുപ്പമല്ല പേരുദോഷം മാറ്റിയെടുക്കല്‍.

കണ്ടില്ലേ, പേരില്‍ തന്നെ നല്ല ബലമുള്ള ഒരു ചെക്കന്‍ ഫെയ്‌സ്ബുക്കില്‍ തകര്‍ക്കുന്നത്. പാവങ്ങളുടെ പടത്തലവനാത്രേ… തുഫൂൂൂ….എന്ന് നീട്ടിയൊരു തുപ്പാണ്. മാപ്പല്ല ഒരു കോപ്പും പറയില്ല, നുമ്മട മന്‍മോഹന്‍ജിയെ സഖാക്കള്‍ക്ക് വായില്ലാക്കുന്നിലപ്പന്‍ എന്നു വിളിക്കാം. ആര്‍ക്കും നോവില്ല. നിങ്ങടെ ഇ.എം.സിനെപ്പോലൊരു പീസ് നമ്മട പാര്‍ട്ടീലും ഉണ്ടെന്ന് മാലോകരറിയാന്‍ ഈ ബലരാമന്‍ വേണ്ടിവന്നു. അതാരാണപ്പാ, അതാണ് ഉമ്മന്‍ജി. ഉത്തരംമുട്ടുമ്പോഴെല്ലാം സാമാന്യം നന്നായി വിക്കുന്ന ഉമ്മന്‍ജി. ശരിയല്ലേ….അല്ലെന്ന് എങ്ങനെ പറയും. അതാണ് താരതമ്യപ്പെടുത്താന്‍ പഠിക്കണം എന്നുപറയുന്നത്.

പറഞ്ഞുവന്നത് കോണ്‍ഗ്രസുകാരെ തെറിപറയുന്ന സഖാക്കളെ പറ്റിയാണ്. കുടുംബത്തില്‍ കയറി, ഗണ്‍മോന്‍..ഗണ്‍മോന്‍…എന്നുറക്കെ വിളിച്ചു നടന്നിട്ടും ഇവിടൊരുത്തന്‍മാരും ചോദിക്കാനുണ്ടായില്ല, ഈ ബലരാമനല്ലാതെ. പാവങ്ങത്തുങ്ങടെ പടത്തലവനെന്നു പറഞ്ഞ് ബിംബം സൃഷ്ടിച്ച് മുന്നോട്ടുപോവാന്‍ ഇനി ഒരുത്തനെയും സമ്മതിക്കില്ല, ചരിത്രം എന്തെന്ന് ഇനി ഈ ബലരാമന്‍ പറഞ്ഞുതരും. ഇമ്മാതിരി ടീംസാണ് പാര്‍ട്ടിയില്‍ വിളഞ്ഞുനില്‍ക്കുന്നതെന്ന് ഈ പൊതുജനം ഓര്‍ത്തിരുന്നാല്‍ നന്ന്.

നല്ല കിടുക്ക് ഡ്രിംമ്ഡ് താടിയുള്ള ബലരാമന്മാരോട് ‘നടേശാ…കൊല്ലണ്ട’ എന്ന് പറഞ്ഞ് വിട്ടാല്‍ മതി. ബാക്കികാര്യം അവര് ക്ലീനായി നടത്തിത്തരും. പാര്‍ട്ടി ചിഹ്നത്തില്‍ വിശ്വസിക്കുന്നവരാണ്, അവരുടെ കൈത്തരിപ്പ് തീര്‍ക്കാനായിട്ട് നെഞ്ചും വിരിച്ച് കയറി നിന്ന് ‘പൊതുജനമാണ്’ എന്നൊന്നും ഇനി ഒരുത്തനും പറയരുത്. അതു മുഖത്തോട് മുഖം നോക്കിയാണേലും, ഫെയ്‌സ്ബുക്കിലാണേലും. ചെന്നിക്കിട്ട് തട്ടിയാല്‍ നട്ടെല്ലു തകര്‍ക്കണം. അതാണ് കോണ്‍ഗ്രസ്. അതാകണമെടാ, കോണ്‍ഗ്രസ്.

ഒരപേക്ഷയുണ്ട്. മെയ്യനങ്ങാതിരുന്നാലും അഞ്ചുകൊല്ലം കൂടുമ്പോ, ഇതേ പൊതുജനമല്ലേ സാര്‍, മുഖ്യമന്ത്രിക്കസേരയിലേക്ക് എടുത്തെറിയേണ്ടത്. അതുകൊണ്ട് പൊതുജനത്തിന്റെ നട്ടെല്ലിനിട്ട് ഇങ്ങനെ പണിയരുത്, കൈയുയര്‍ത്തി വോട്ടുയന്ത്രത്തിനിട്ട് കുത്താനെങ്കിലും ഇച്ചരി ജീവന്‍ വച്ചേക്കില്ലേ സാര്‍…

LEAVE A REPLY

Please enter your comment!
Please enter your name here