ടി.വി. പെട്ടിക്കുള്ളില്‍ പൊട്ടിത്തെറിച്ചിരുന്ന അവതാരമേ…നീ ഞങ്ങടെ കഞ്ഞിയില്‍ പാറ്റയിടരുതേ…ആമേന്‍!!!

0

ടിവി സ്‌ക്രീനില്‍ രാഷ്ട്രീയക്കാരെ വെള്ളംകുടിപ്പിക്കുന്ന ചോദ്യശരങ്ങളുയര്‍ത്തി കോട്ടിട്ടിരുന്ന ഒരു ‘സിങ്കക്കുട്ടി’ മണ്ണിലിറങ്ങി ജനസേവനം തുടങ്ങിയിട്ട് കുറച്ചുകാലമായി. ടി.വി. പെട്ടിക്കുള്ളില്‍ പൊട്ടിത്തെറിച്ചിരുന്ന കാലത്ത്, നാട്ടിലെ പൊതുജനങ്ങളെ സേവിക്കാത്ത രാഷ്ട്രീയക്കാരെ പഞ്ഞിക്കിട്ടിരുന്നതാണ്. അന്നത്തെ കാലമല്ലിന്ന്. ഇന്ന്  സഞ്ചരിക്കാന്‍ കാറുണ്ട്, പദവിയുണ്ട്, അധികാരമുണ്ട്. പോരാത്തതിന് ജനപ്രതിനിധിയും.

മുണ്ട് മുറുക്കിയുടുത്ത ജനങ്ങളിലൊരുവന്‍ ആ ജനപ്രതിനിധിയെക്കുറിച്ച് ‘ഒരു സത്യകഥ’ വാട്‌സാപില്‍ കുറിച്ചു. പത്തനംതിട്ട എന്നൊരു ജില്ലയുണ്ടത്രേ. ആറന്‍മുള എന്നൊരു സ്ഥലവും. അവിടത്തെ ബസ് സ്റ്റാന്‍ഡില്‍ തോണിയിറക്കേണ്ട ഗതികേടിലാണത്രേ. അരമനക്കഞ്ഞി കുടിക്കുന്നതിനിടെ ഇതൊക്കെയൊന്ന് ശ്രദ്ധിക്കണേയെന്ന മട്ടിലൊരു കുറിപ്പെഴുതിയത് പഴയ പുലിക്കുട്ടിക്ക് പിടിച്ചില്ല.

വിമര്‍ശനം പറയുന്നതും കേള്‍ക്കുന്നതും മാധ്യമപ്രതിനിധികള്‍ക്ക് പുത്തരിയല്ല. അവര്‍ക്കത് പച്ചരിവാങ്ങലാണ്. പണ്ട് വായിട്ടലച്ചിട്ടും പച്ചരികിട്ടാത്ത ആ ഇടം ഇപ്പോള്‍ ഓര്‍മ്മയിലില്ല. നിയമസഭയില്‍ ആ ‘പച്ചരിക്കഥ’വിവരിക്കാതിരിക്കുന്നത് പഴയ സഹപ്രവര്‍ത്തകരുടെ മാനം കളയേണ്ടെന്നു കരുതിയാണ്. അത്രേം നല്ലത്. സഭയ്ക്കുള്ളലായതിനാല്‍ ഇനി പേടിക്കേണ്ടതില്ല. അതുകൊണ്ട് പണ്ടത്തെപ്പോലെയല്ല, വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതു തന്നെ അലര്‍ജിയാണ്.

സൂക്ഷ്മനിരീക്ഷപാടവം കൈവിട്ടുപോകാഞ്ഞത് നന്നായി. അങ്ങനെയാണ് ആ ചെറുക്കന്റെ പോസ്റ്റിലെ സ്ത്രീ വിരുദ്ധത കണ്ടെത്തിയത്. അരമന അച്ചന്മാരെ അധിക്ഷേപിച്ചതില്‍ മതസ്പര്‍ദ്ധ വളര്‍ത്തിയെന്നതിനും വകുപ്പുണ്ട്. കൊടുത്തു നല്ല വകുപ്പ് ചേര്‍ത്ത് ഒരു കേസ്. ചെക്കന്‍ ഉള്ളിലായി. ഇനി ഒരുത്തനും പോസ്റ്റരുത്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട പിണറായി സര്‍ക്കാരിനിത് ഒരു പൊന്‍തൂവല്‍ കൂടിയാണ്.

സൂക്ഷ്മനിരീഷണ പാടവം പുറത്തെടുത്താല്‍ പഴയ മാധ്യമസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിടാനുള്ള വകുപ്പ് കണ്ടെത്താന്‍ കഴിഞ്ഞേക്കും. പട്ടിണിയാണേലും ഇപ്പോ പറയാനൊരു പണിയുണ്ട്. പഴയ മാധ്യമശിങ്കമേ….നിനക്ക് സ്തുതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here