തനിത്തങ്കങ്ങളാണ് പിള്ളാരേ…. മുസ്ലിപവര്‍ എക്‌സ്ട്രാ ഇന്നാട്ടിലിപ്പോഴും കിട്ടും

0

പ്രായം തമ്മില്‍ത്തമ്മില്‍ മോഹം നല്‍കിയാല്‍ പിന്നെ രക്ഷയില്ല. തളര്‍വാതം വന്ന അപ്പാപ്പന്‍മാര്‍ക്കെന്നും നിത്യയൗവ്വനം പ്രദാനംചെയ്യുന്ന പ്രസ്ഥാനമാണ്. തങ്ക പ്പതക്കങ്ങള്‍ ഒത്തിരിയുണ്ട്. സ്ഥാനമോഹികളായ ചെറുപ്പക്കാര്‍ കട്ടിലൊഴിയുംവരെ കാക്കാനുള്ള ക്ഷമ കാട്ടണം.

ഇപ്പോ തെന്നി വീണ് കാലിന് ചെറിയ മുടന്തുണ്ടെന്നേയുള്ളൂ. ഇപ്പോഴും ‘കുബുദ്ധി’ പഴയപോലെതന്നെ വര്‍ക്ക് ചെയ്യുന്നുണ്ട്. ആഹാരം നല്ലപോലെ ഇറങ്ങുന്നുണ്ട്. പരസഹായമില്ലാതെ എണീറ്റ് കക്കൂസില്‍ പോകാം. പോരാത്തതിന് നല്ല ശോധനയും. ഇനിയും കെ.പി.സി.സി. മുന്നണി കണ്‍വീനര്‍ സ്ഥാനത്തിന് വേണ്ട കൃത്യമായ യോഗ്യതയുള്ള തനിത്തങ്കങ്ങള്‍ പിന്നാലെയുണ്ട്.

ചെറുപ്പമെന്നത് മനസിലാണ് വേണ്ടത്. പിന്നെയിത്തിരി കിതപ്പ്, അതിന് മുസ്ലിപവര്‍ എക്‌സ്ട്രാ പോലുള്ളവ പരസ്പരം സജസ്റ്റ് ചെയ്യുന്നുമുണ്ട്. ചുറുചുറുക്കിന് വേറെ വഴിനോക്കേണ്ടതില്ല. തൊലിക്കട്ടിയും ഒപ്പം കൂടിക്കൂടിവരുമെന്നാണ് അനുഭവം.

പ്രായമായവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ മാത്രമേ കൈപറ്റുന്നുള്ളൂ. കേന്ദ്രത്തിലിരുന്ന് ഇരുന്ന് എണീറ്റുനടക്കുമ്പോഴും ആസനത്തില്‍ ഒരു കസേരയുള്ളതുപോലുള്ള തോന്നലാണ്. പത്തിരുപത് വര്‍ഷായുള്ള സേവിക്കലല്ലേ. തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.  അപ്പൊ, ചിന്തയ്ക്കും ചന്തിക്കും തകരാറില്ലെന്നു മനസിലായില്ലേ…

ചെറുപ്പക്കാര്‍ക്ക് മുട്ടിലിഴയാനുള്ള പ്രായമേ ആയുള്ളൂവെന്ന് മനസിലാക്കണം. വീട്ടിലൊരു അപ്പാപ്പനുണ്ടെങ്കില്‍ നീയൊക്കെ എടുത്ത് തോട്ടില്‍ കളയുമോടേ? യമണ്ടന്‍ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ക്ഷുഭിതയൗവ്വനങ്ങളോട് ക്ഷോഭിക്കാന്‍ അറിയാഞ്ഞിട്ടല്ല. പല്ലുതെറിച്ച് വീണാല്‍ കണ്ണടയില്ലാതെ തപ്പിയെടുക്കാനാവില്ല. കുനിഞ്ഞ് തപ്പണം. ചിലപ്പോള്‍ നിവരുംമുമ്പ് ശ്വാസംതൊണ്ടയില്‍ കുടുങ്ങി മേലോട്ട് വിളിച്ചിട്ടുവേണം, പിള്ളേര് കട്ടിലില്‍ കയറിക്കിടക്കാന്‍. അങ്ങനെ ഒരു പിള്ളേരും പ്രായമാകുംമുമ്പ് സുഖിക്കേണ്ട. പിന്നല്ല!!!.

LEAVE A REPLY

Please enter your comment!
Please enter your name here