മിണ്ടാത്തതെന്തേ, നായകരേ…. പടവാളേന്തിയ മരയോന്തുകളേ…

0

മരയോന്തുകള്‍ അങ്ങനെയാണ്. ഒന്നും മിണ്ടാറേയില്ല, കണ്ണുംതുറന്നുവച്ച് അനങ്ങാതിരിക്കും. ഇരിക്കുന്ന കൊമ്പിനനുസരിച്ച് നിറംമാറി കൊഞ്ഞനംകുത്തും. തടികേടാകാതെ നോക്കും.

മലയാളത്തിലെ പ്രമുഖ സാംസ്‌കാരിക നായകരെല്ലാം ഇക്കാലത്ത് ഒളിവിലാണ്. നാലുകെട്ടിനകത്തും പ്രകാശം പരത്തിയും പുഴയുടെ തീരങ്ങളിലും സച്ചിദാനന്ദപാടി നടന്നവരാണ്. അവരില്‍ ചിലരിപ്പോള്‍ മരയോന്തുകളായി രൂപാന്തരം പ്രാപിച്ചെന്നേയുള്ളൂ. അവരെല്ലാം കാണുന്നുണ്ട്. കൊച്ചുകേരളം കടന്നുള്ള കാഴ്ചകള്‍ മാത്രം. കാരണം ഭാരതത്തിന്റെ സാംസ്‌കാരിക ചോര്‍ച്ചയെ, ജനാധിപത്യവിരുദ്ധതയെ കാണുന്ന കണ്ണുകളാണ്. യഥാവിധി മുന്നറിയിപ്പുനല്‍കേണ്ട സാംസ്‌കാരിക ബാധ്യതയുള്ള ജന്മങ്ങളാണല്ലോ. അപ്പോള്‍ ആ നിലവിളി ശബ്ദമിടും.

മലയാളികളെ സാംസ്‌കാരിക പ്രബുദ്ധത പഠിപ്പിച്ചുകൊണ്ടിരുന്നവരാണ്. നോട്ടടുക്കി പറമ്പിലും വീട്ടിലും കുഴിച്ചിട്ട് ഇളിഭ്യരായവരും അക്കൂട്ടത്തിലുണ്ട്. എല്ലാക്കാലത്തും ഇടത്പക്ഷത്തിന്റെ മറുവശത്തായിരുന്നു. ജന്മിത്ത ആഢ്യ പാരമ്പര്യകഥകളെഴുതിയ മഹാമേരുവെന്നാണ് കമ്മ്യുണിസ്റ്റുകള്‍ വിശേഷിപ്പിച്ചിരുന്നത്.

നോട്ടുനിരോധനം വന്നു, സഖാക്കളുടെ സഹകരണബാങ്കിലെ ‘പൊതുനിക്ഷേപ’ത്തിന് കണക്ക് കാണിക്കേണ്ടിവന്നു. പണികിട്ടിയതോടെ, കെട്ടിയടുക്കിയ പണപ്പെട്ടി തുറന്നപോലെ മഹാമേരു വാതുറന്നു. സംഗതി കേന്ദ്രത്തിനിട്ടാണ്, ഇടതിന്റെ പെരുത്തിഷ്ടം. പിന്നെ പാര്‍ട്ടിചെലവില്‍ ‘മഹാനാടകം’ അരങ്ങേറി, പാര്‍ട്ടി പത്രത്തിന്റെ പേരില്‍ ആദരവര്‍പ്പിച്ചു. ജന്‍മി എഴുത്തുകാരന്‍ തുലയട്ടെയെന്നാക്രോശിച്ച് പുശ്ചിച്ച ‘കാലം’ പിന്നില്‍ ചിരിതൂകി.

തുണിയുരിഞ്ഞ് പ്രതിഷേധിക്കത്തക്ക ജനാധിപത്യവിരുദ്ധതയോ ജാത്യാഭിമാനമോ ഇടതുകേരളത്തിലില്ല. അതുകൊണ്ട് സിനിമയിലെ സഹനടന്മാര്‍ക്ക് വിശേഷിച്ചൊന്നും ചെയ്യാനില്ല. സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയാല്‍ പിന്നൊരുനാള്‍ ഇതൊക്കെ ആരുതരുമെന്ന് വിമര്‍ശകര്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

ഇടതെന്നു പറയുന്നിതിന്റെ ഒരിത് വലതെന്നു പറഞ്ഞാല്‍ കിട്ടില്ല. അതുകൊണ്ട് കണ്ണടയ്ക്കണം, വെറുതെ വിമര്‍ശിച്ച് കണ്ണിലെ കരടായി, കുലംകുത്തിയായി തീരണോ?. ”കത്തി തഴെയിടടാ മക്കളേ…” എന്ന് പറയുന്ന അപ്പനെ വരെ, പാര്‍ട്ടിവിരുദ്ധനാക്കുന്ന പാര്‍ട്ടിയാണ്. ഇടതുദോഷം പറഞ്ഞ് സാംസ്‌കാരിക രംഗത്തെ കസേരകള്‍ കിട്ടാതാക്കാന്‍ വയ്യ!!!

മരയോന്തുകളോട് ഒരഭ്യര്‍ത്ഥനയുണ്ട്. വടക്കോട്ടുനോക്കി മാത്രം കുരച്ച് ഇനിയും ഈ വഴിവരരുത്. ജനം കാറിത്തുപ്പാതെ വിടുന്നത് അവരുടെ സംസ്‌കാരം നശിക്കാത്തതുകൊണ്ട് മാത്രമാണെന്നെങ്കിലും ഓര്‍ക്കുക. കേരളത്തിലെ കണ്ടങ്ങള്‍ നിങ്ങള്‍ക്ക് നിറഞ്ഞോടാന്‍ മാത്രമുള്ളതാണ്. ഒരുവഴിക്ക് ഓരോ മഹാമേരുക്കള്‍ മടിക്കാതെ വിട്ടോളൂ…..

LEAVE A REPLY

Please enter your comment!
Please enter your name here