ചാണകബുദ്ധിയിലെ ചാണക്യതന്ത്രം: ഇനി കുറച്ച് ‘കഴുതക്കച്ചവടം’

0

ഭരണം മോഡിജിയുടേതാണ്. ഒരറ്റത്തുനിന്ന് മോഡിഫിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിലടക്കമുള്ള ചരിത്രവ്യാഖ്യാനത്തില്‍ തുടങ്ങി നിയമവ്യവസ്ഥിതിയില്‍വരെ ഈ മോടി തിരിച്ചറിഞ്ഞുതുടങ്ങി. നമ്മുടെ സര്‍ക്കാര്‍, നുമ്മടെ ഗവണര്‍, നുമ്മുട രാജ്യത്തെ കോടതി…പിന്നെ യെദ്യൂരപ്പക്ക് മേലും കീഴും നോക്കാനില്ല.

കൈയ്യില്‍ കാശില്ലാത്ത പാര്‍ട്ടികളാണെന്ന് ആരും പറയരുത്. പണ്ടും കോടികളെറിഞ്ഞ് എംഎല്‍എമാരെ ജനാധിപത്യ അങ്ങാടിയില്‍നിന്നും വാങ്ങിയിട്ടുണ്ട്. വിശ്വാസമില്ലാത്ത കൂട്ടരാണ് ചുറ്റിലും. ജനാധിപത്യത്തെക്കുറിച്ച് ഉള്ളിലെവിടെയോ പെട്ടെന്നൊരു ചിന്ത, ധാര്‍മികതയുടെ കണ്ണുതുറപ്പിച്ച് ഭാരതമാതാവ്….പിന്നെ അമാന്തിച്ചില്ല, അധികാരമമേറ്റ് 56ാം മണിക്കൂറില്‍ രാജിവച്ച് രാജ്യത്തെ ജനാധിപത്യത്തെ മാനിച്ചു. അധാര്‍മ്മികത, അത് ഭാരതമാതാവ് സഹിക്കില്ല. അതുകൊണ്ടാണ്.

മോങ്ങി മോങ്ങിയിരുന്ന ഭാവി പ്രധാനമന്ത്രിക്കും മാതാവിനും വെറുതെ സ്വന്തം ചെലവില്‍ നല്ലൊരു ഭാവിയുണ്ടാക്കി കൊടുത്തു. അതാണ് അമിത്ഷാ ജിയുടെ ചാണക്യതന്ത്ര്യം. ഇമ്മാതിരി ചാണകബുദ്ധിയുമായി ഇറങ്ങിയാല്‍ അധികം മോഡഫിക്കേഷനൊന്നും വേണ്ടിവരില്ലെന്നുറപ്പാണ്.

വോട്ടുകുത്തുന്ന ജനം ചെങ്ങന്നൂരില്‍ നോട്ട് ചോദിച്ചുതുടങ്ങിയത്രേ. 100 കോടിയില്‍ ഒരു വിഹിതം ജനത്തിന് പോരട്ടെ. അതാണ് അതിന്റെ ഒരു ശരി. വോട്ടുവാങ്ങി ജയിക്കുന്നവരെ വാങ്ങുന്നത് ‘കുതിരക്കച്ചവടം’. പൊതുജനങ്ങളെ വാങ്ങുന്നതിന് ‘കഴുതക്കച്ചവടം’ എന്നുവേണേല്‍ വിളിച്ചോളൂ…അങ്ങനെ വിളിച്ചാണല്ലോ ശീലവും. അങ്ങനെ എന്തെങ്കിലുമൊരു പ്രയോജനം ജനം കിട്ടട്ടെ….ഭാരതമാതാവിന് സ്‌തോത്രം…സ്തുതി….


Loading...

LEAVE A REPLY

Please enter your comment!
Please enter your name here