താനാരോ ‘തന്താ’നോ പാടും കഴുതപ്പുലികള്‍ക്ക് ഒരു സല്യൂട്ട്

0

പൊതുജനത്തിന്റെ തന്തയ്ക്ക് പറയുകയാണ് പണിയെന്നു കരുതുന്നവരാണ്. തന്തയില്ലായ്മ കാട്ടുന്നതില്‍ ഒട്ടും മടിയുമില്ല. നാണവും മാനവും എന്നൊന്നുണ്ടോയെന്ന് തിരിച്ചറിയാനാവാത്തവരുമാണ്.
അങ്ങനെയിരിക്കെ, രാഷ്ട്രീയ മേലാളന്മാരുടെ നിറം അഞ്ചുകൊല്ലം കഴിയുമ്പോള്‍ പൊതുജനം മാറ്റും. അതനുസരിച്ച് തന്നെ ഇക്കൂട്ടരും നല്ല മുഖംമൂടിയണിയും. സംഘടനാ തെരഞ്ഞെടുപ്പ് ഒക്കെ മുറപോലെ വരും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നാല്‍ ചാണ്ടിയുടെ പാര്‍ട്ടിക്കാരായി വേഷംമാറും. പിണറായി സര്‍ക്കാര്‍ വന്നാല്‍ പറയുകയും വേണ്ട, ഇടുന്ന നിക്കര്‍ വരെ ചുവപ്പാക്കികളയും. അതാണ് പോലീസ്. അതാകണമെടാ പോലീസ്.

നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. മാന്യമായി പെരുമാറുന്നവരുണ്ട്. പക്ഷേ, കാര്യമില്ല. നേതാക്കളുടെ ഉത്തരവ് പ്രകാരം കിട്ടുന്നവനിട്ട് ‘നന്നായി’ പെരുമാറുന്ന കൂട്ടര്‍ക്കാണ് കൂട്ടത്തില്‍ പ്രാധാന്യം. കുപ്രസിദ്ധിയുള്ളവരൊക്കെ കാറ്റുപോയ ബസിന്റെ ടയര്‍ നോക്കി നടക്കുന്നുണ്ട്. പൊങ്ങന്‍മാര്‍ക്കെല്ലാം എല്ലാക്കാലത്തും നല്ല കോളാണ്. പത്തനംതിട്ടയില്‍ ചുവന്ന ഷര്‍ട്ടുംമുണ്ടുമണിഞ്ഞ് രക്തസാക്ഷികളായ സഖാക്കളെയോര്‍ത്ത് കണ്ണീര്‍വാര്‍ക്കുന്ന കേരളാപോലീസിനെ ജനം കണ്ടതാണ്. തൊലിയുരിയുന്ന ഇത്തരം പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ മറ്റേതൊരു സംഘടനയെ കിട്ടും?

സേനയിലെ ഇത്തരം കഴുതപ്പുലികളാണ് നിരപരാധിയെ ഇടിക്കാന്‍ ജില്ലാനേതാവ് ഉത്തരവിട്ടാല്‍, അവധി റദ്ദാക്കിയെത്തി ഇടിച്ചുകൊല്ലാന്‍വരെ തയ്യാറാകുന്നത്. പോലീസുകാരെക്കാള്‍ തന്തയില്ലാത്തരം കാണിക്കാന്‍ കഴിവുള്ള കൂട്ടര്‍ വേറെയുമുണ്ടെന്ന് മനസിലാകാനിരിക്കുന്നതേയുള്ളൂ. പൊതുജനത്തിന്റെ മുന്നില്‍ തൊഴുതുനില്‍ക്കുന്ന ഇക്കൂട്ടരുടെ ഇഷ്ടത്തിനനുസരിച്ച് ഇടിച്ച് ഇഞ്ചപ്പരുവമാക്കാനിറങ്ങിയവര്‍ക്ക് അത് പിടികിട്ടി. അഴിക്കുള്ളിലായാലും പ്രത്യേക പരിഗണന തരുമെന്ന് ഉറപ്പുണ്ട്്. അങ്ങനെ കാട്ടിയ ചരിത്രമേയുള്ളൂ. അതാണ് ഒരാശ്വാസം. അതുകൊണ്ട് ഇടിക്കാന്‍ പറഞ്ഞ നേതാവിന്റെ പേര് പറയാനുള്ള നട്ടെല്ല് ഈ പാവം പോലീസുകാര്‍ക്ക് ഉണ്ടാകില്ല.

പോലീസുകാര്‍ രാഷ്ട്രീയക്കാരുടെ ഇംഗിതം നിറവേറ്റിയതോടെ ജീവിതം നഷ്ടപ്പെട്ട എണ്ണിലൊടുങ്ങാത്ത കുടുംബങ്ങളുണ്ട്. സാധാരണക്കാര്‍ മുതല്‍ നമ്പി നാരായണന്‍ എന്ന രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട ശാസ്ത്രജ്ഞന്‍ വരെ അക്കൂട്ടത്തിലുണ്ട്. പെന്‍ഷന്‍പറ്റിയശേഷം ദൈവകോപം പേടിച്ച് ‘ക്ഷമിച്ചു’ എന്നൊരുവാക്ക് ആ പാവം ശാസ്ത്രഞ്ജനെക്കൊണ്ട് പറയിക്കാന്‍ തഞ്ചത്തിനെത്തിയ പ്രമുഖ റിട്ട. പോലീസുകാരനും ഭാര്യയുമുണ്ട്. അതെ തൊലിക്കട്ടിക്ക് പേരുകേട്ടവരുടെ നാണിപ്പിക്കുന്ന കഥകള്‍ അങ്ങനെ തുടരുക തന്നെചെയ്യും.

നല്ലപേരുള്ള, നേതാവിനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കാത്ത ഉദ്യോഗസ്ഥര്‍ സേനയില്‍ ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല. എങ്കിലും നല്ല നിലയില്‍ പെന്‍ഷന്‍വാങ്ങി, നാട്ടുകാരുടെ പ്രാക്കില്ലാതെ, സമാധാനത്തോടെ കഴിയുന്നുണ്ടെന്ന് ഈ ഏറാന്‍മൂളികളായ പോലീസ് ഏമാന്‍മാര്‍ മനസിലാക്കിയാല്‍ അത്രയും നന്ന്. അതിന് പോലീസുകാരനാകുന്നതിനും മുമ്പ് നല്ല മനുഷ്യരാകണമെന്ന് ഈ മറുതാകള്‍ക്ക് ആരേലും പറഞ്ഞുകൊടുക്കുമോ?


Loading...

LEAVE A REPLY

Please enter your comment!
Please enter your name here