”എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും മക്കള്‍ക്കും  നല്ലത് മാത്രം വരുത്തണേ ഈശ്വരാ….”

0

കല്ലെറിയാനും കൊടിപിടിക്കാനും ചെണ്ടകൊട്ടാനും പാവം അണികളുടെ പിള്ളേരുവേണം. സര്‍ക്കാര്‍ സ്‌കൂളൊക്കെ നടത്തുന്നത് തന്നെ അത്തരം ലോക്ലാസിന് വേണ്ടിയാണ്. പിടിഎ പ്രസിഡന്റാകുന്ന ലോക്കല്‍ നേതാവ് തൊട്ട് പഞ്ചായത്തംഗത്തിന്റെ വരെ മക്കള്‍പോലും അവിടെ പഠിക്കാറില്ലെന്നത് ചുറ്റിനും നോക്കിയാലേ മനസിലാകൂ. പിന്നാണ് മേല്‍ത്തട്ടിലെ നേതാക്കളുടെ കാര്യം.

”വേനല്‍ത്തുമ്പിയായി തുള്ളാനും ബാലസംഘടനകളില്‍ പാട്ടുപാടാനും നേതാവിന്റെ മക്കളെ കാണാനില്ലല്ലോ സാറേ…” എന്ന് നേരെ നിന്ന് മുഖത്ത്‌നോക്കി ചോദിക്കാനുള്ള ത്രാണി പാവപ്പെട്ട അണിക്ക് ഉണ്ടാകാറില്ല, അവനത് ഉണ്ടാകാനും പാടില്ല. അതാണ് സാക്ഷരകേരളത്തിന്റെ ഒരിത്. സര്‍ക്കാര്‍ സ്‌കൂളില്‍ സ്വന്തം മക്കളെ പറഞ്ഞയക്കാത്ത സര്‍ക്കാര്‍ അധ്യാപകരുള്ള നാടാണെന്നും പട്ടിണിപ്പാവങ്ങള്‍ ഓര്‍ത്താല്‍ നല്ലത്.

രാജ്യത്തെ സോഷ്യലിസവും വര്‍ഗീയ സാംസ്‌കാരിക ആഗോള മുതലാളിത്ത തൊഴിലാളി ചൂഷണവുമെല്ലാം അണിയുടെ കുഞ്ഞുങ്ങള്‍ കുഞ്ഞുന്നാളിലേ ഉരുവിട്ട് പഠിക്കണം. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ കോളജിലൊക്കെ എത്തിയാല്‍ ഇത്തിരി പ്രതിഷേധം തിളപ്പിച്ച് കൊടിപിടിച്ച് കല്ലെറിയാന്‍ തോന്നണം. പാവപ്പെട്ട അണിയുടെ പിള്ളാര് പി.എസ്.സിക്ക് അപേക്ഷിക്കാന്‍ പ്രായമാകുമ്പോഴേക്കും ബസിന്റെ ചില്ലുടച്ചതിനോ സമരത്തില്‍ പങ്കെടുത്തതിനോയൊക്കെ നാലഞ്ച് കേസെങ്കിലും വേണം. പാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫില്‍ പോയി ചുമടെടുത്തെങ്കിലും രക്ഷപ്പെടരുത്.

കൂലിപ്പണിയെടുത്ത് ചുമ പിടിച്ചിരിക്കുമ്പോള്‍, ചെറുക്കുട്ടികള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി തരപ്പെടുമെന്നാശ്വസിച്ച് കഴിയണം പാവം അണികള്‍. ആ സമയം നേതാവിന്റെ മക്കള്‍ പഠിച്ച് സിവില്‍സര്‍വ്വീസില്‍ വരെ എത്തിരിക്കും.

പിന്നെ ആവശ്യത്തിന് കേസും പുക്കാറുമൊക്കെ ഉള്ള നേതാക്കളുടെ മക്കളുടെ കാര്യം. പഠിച്ചില്ലേലും പാസ്‌പോര്‍ട്ട് കിട്ടും, ഗര്‍ഫില്‍ പോകും. കടലില്‍ നീന്തും. കുളം മാത്രം കണ്ടുശീലിച്ച പാവം അണികള്‍ കോടികളുടെ കണക്കും കേട്ട് കോടി പുതയ്ക്കും വരെ വാപൊളിച്ച് നടക്കും.

കല്ലെറിഞ്ഞതിന്റെയും എല്ലും തലയും പൊട്ടിയതിന്റെയും വേദന അണികളുടെ പിള്ളേര്‍ക്ക് സമ്മാനിച്ചെങ്കിലെന്താ പാര്‍ട്ടിനേതാക്കളുടെ മക്കള്‍ ഒരു കര പറ്റിയില്ലേ. അങ്ങനെ ആശ്വസിക്കാന്‍ പഠിക്കണം. കൊടിയും പിടിച്ച് മെക്കിട്ടുകയറാന്‍ വിട്ടാല്‍, പിള്ളേര് മെക്കാനിക് പോലുമാവില്ലെന്ന് ഈ അണികള്‍ ഒരുകാലത്തും തിരിച്ചറിയല്ലേ ഈശ്വരാ…എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും മക്കള്‍ക്കും നല്ലത് മാത്രം വരുത്തണേ ഈശ്വരാ…….


Loading...

LEAVE A REPLY

Please enter your comment!
Please enter your name here