മന്ത്രി’മാര്‍ക്ക്’ മാത്രം മാര്‍ക്ക്; മുഖ്യനെന്തിനാണ് പ്രോഗ്രസ്?

0

അപ്പാപ്പന് അടുപ്പിലുമാകാമെന്നാണ് ചൊല്ല്. രണ്ടുകൊല്ലത്തെ ഭരണത്തിനിടയില്‍ മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ പോകുന്നെന്ന് കേട്ടപാതി കേള്‍ക്കാത്തപാതി ഹാളിലകുന്നവരുണ്ട്. എല്ലാവര്‍ക്കും തിടുക്കം മുഖ്യന് മാര്‍ക്കിടാണ്. തലവന്റെ തല തെറിപ്പിക്കണമെന്ന് മോഹിക്കുന്നവര്‍ ഇപ്പഴുമുണ്ട്. ചാനല്‍ച്ചര്‍ച്ചകള്‍ ഘോരഘോരം ആഭ്യന്തരമന്ത്രിക്ക് വേണ്ടി വായിട്ടലക്കുന്നവര്‍ക്ക് നല്ല മാര്‍ക്കിടുന്നുണ്ട്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിക്കണം, കലിപ്പടക്കണം.

നല്ല ഒന്താന്തരം മൊതലുകളാണ് ആഭ്യന്തരോപദേശം നല്‍കിക്കൊണ്ടിരിക്കുന്നത്. വിഷയം തരംതിരിച്ച് ഉപദേശിക്കാന്‍ വേറെ ഘടാഘടിയന്‍മാര്‍ ചുറ്റിനുമുണ്ട്. അപ്പോപ്പിന്നെ തൊട്ടതെല്ലാം പൊന്നാക്കുന്ന മുഖ്യന് മാര്‍ക്കിടേണ്ട കാര്യവുമില്ല. ഇതൊക്കെ ആരോട് പറയാനാണ്? ആര് കേള്‍ക്കാനാണ്? പൊതുജനത്തിന്റെ പേരില്‍ സുഡാപ്പികള്‍ ഹര്‍ത്താല്‍ നടത്തിയപോലെ പൊതുജനത്തിന്റെ പേരും പറഞ്ഞ് മാധ്യമങ്ങക്കെന്തിനാണ് മുഖ്യന്റെ മാര്‍ക്കറിയാന്‍ ഇത്ര പൂതി.

പോലീസിന്റെ ചവിട്ടുനാടകം ജനം കണ്ടുകൊണ്ടിരിക്കയാണ്. നല്ല താളത്തിന് തൊഴിച്ചവരൊക്കെയും നല്ല മാര്‍ക്ക് പ്രതീക്ഷിച്ചാണ് അത് ചെയ്തത്. പറഞ്ഞപോലെ പറഞ്ഞവനെ പിടിച്ചതും കുടല്‍മാല പുറത്തെടുക്കാതെ വയറ്റിനകത്തിട്ട് ചതച്ചതുമെല്ലാം റാങ്ക് പ്രതീക്ഷിച്ച് ചെയ്തതാണ്.

ഉള്ളതുപറഞ്ഞാല്‍ ഏതുപദേശികളുടെയും കസേരയിളകും. അതുകൊണ്ട് മുഖ്യന്റെ ഭരണം കിടുഭരണം എന്ന് കൈയ്യടിക്കുന്നതാകും ഉചിതം. അഞ്ചുകൊല്ലം നല്ലനിലയില്‍ തന്നെ സുഖിക്കണം. അല്ലാതെ തലൈവരെ ശരിയാക്കാന്‍ ചെന്ന് സ്വയം ശരിപ്പെടേണ്ടകാര്യമില്ല. ഉപദേശികള്‍ അത്രമണ്ടമാരാണെന്നുമാത്രം ഇനി ആരും കരുതരുത്.

അഞ്ചുകൊല്ലം മാത്രം ഭരിക്കുന്നതാണുചിതം. വെറുതെ ജനത്തെ തുടര്‍ഭരണത്തിലൂടെ വെറുപ്പിക്കേണ്ടല്ലോ. അതുകൊണ്ട് മുഖ്യന് മാര്‍ക്കിടാതിരിക്കുന്നതാണ് ഉചിതം. കമ്മ്യൂണിസം വേരറ്റുപോകാതിരിക്കാനുള്ള ഏകപോംവഴിയതാണ്. ത്രിപുരയും ബംഗാളുമെല്ലാം നമ്മുക്ക് മുന്നിലുണ്ടല്ലോ. തുടര്‍ഭരണത്തിലൂടെ കമ്മ്യൂണിസം ഇല്ലാതാക്കാനുള്ള ബൂര്‍ഷ്വാസികളാണ് മുഖ്യന് മാര്‍ക്കിടണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്?


Loading...

LEAVE A REPLY

Please enter your comment!
Please enter your name here