മാനിനെ പിടിക്കാന്‍ നാരികള്‍ പറയും; സല്‍മാനല്ലിവന്‍, ശ്രീരാമന്‍

0

മസില്‍മാന് കൃഷ്ണമാനിനോട് കലിപ്പുണ്ടായിട്ടല്ല; വെടിവയ്പ്പില്‍ കേമനാണെന്ന് കൂടെയുള്ള ചില തരുണിമാരുടെ കിഞ്ചനവര്‍ത്താനം കേട്ട് പുളകിതനായി പോയി. അത്രേയുള്ളൂ, ആണുങ്ങളുടെ കാര്യം. മസിലുള്ളവനും ഇല്ലാത്തവനുമെല്ലാം കിളിക്കൊഞ്ചലിനൊത്ത് കുണുങ്ങിയാല്‍ ഇങ്ങനിരിക്കും.

ഒറ്റവെടിക്ക് മയ്യത്തായ മാനിനെ ഉപേക്ഷിച്ച് ഓടുന്നവഴി 20 കൊല്ലക്കാലം ഒപ്പമുണ്ടായിരുന്ന നായികമാരെല്ലാം കോടതിയില്‍ രക്ഷപ്പെട്ടു. പേരില്‍ മാനുള്ളതിന്റെ പേരില്‍ മസില്‍മാന്‍ മാത്രം പെട്ടു. നാരികളെപ്പറ്റി പുരാണങ്ങളില്‍ നന്നായിട്ട് പറഞ്ഞിട്ടുണ്ട്. സീതയുടെ വാക്കുകേട്ട് കസ്തൂരിമാനിനെ അമ്പിട്ടുവീഴ്ത്തിയ ശ്രീരാമനെ ശിക്ഷിക്കണമെന്നു ആരും പറഞ്ഞിട്ടില്ല. പക്ഷേ, നാരിയുടെ വാക്കുകേട്ട്, തുള്ളിച്ചാടിയോടിയ പുള്ളിമാനിനെ പിടിക്കാനോടിയ പുള്ളിക്കാരന്റെ ഗതിയെന്തായെന്ന് ഓര്‍ക്കണം. ശരിക്കും സല്‍മാനല്ല, ശ്രീരാമനാണ് മസില്‍മാന്‍. ഇതെല്ലാം മോഡിഭഗവാന്‍ കാണുന്നുണ്ട്.

ഭാഗ്യത്തിന് ആ മോടിയില്‍ പണ്ടേ മയങ്ങിയതുകൊണ്ട് പിടിവള്ളികിട്ടാതിരിക്കില്ല. ഇനിയും മോഡിയണ്ണന്‍ ഇതുവഴി വരുമെന്ന് കാലേക്കൂട്ടി പ്രവചിച്ചതും തുണയായെന്നുവേണം കരുതാന്‍. ശിക്ഷിക്കാന്‍ ഉത്തരവിട്ട ജഡ്ജിയടക്കമുള്ളവര്‍ക്ക് 48 മണിക്കൂറിനകം സ്ഥലംമാറ്റം. നമ്മുക്കും കിട്ടി ജാമ്യം. അതാണ് ഇന്ത്യ. നിരപരാധികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല, അപരാധികള്‍ രക്ഷപ്പെടുന്നുമില്ല.

കിടപ്പാടമില്ലാത്തവന്റെ നെഞ്ചത്തുകൂടി കാറോടിച്ച് കളിച്ചവനോടാണ് കളി. കാട്ടുമാനിന്റെ പ്രേതത്തെച്ചൊല്ലി കാരാഗ്രഹത്തിലാക്കാനാണ് പലര്‍ക്കും മോഹം. പുണ്യപ്രവൃത്തികള്‍ പലതും ചെയ്യുന്നുണ്ട്. കാശ് അങ്ങനെ പലവഴിക്കും ചെലവാക്കുന്നുണ്ട്. ഈ മഹാനുഭാവനെ രക്ഷിക്കാന്‍ ഈ നാട്ടില്‍ കരുണാമയന്മാര്‍ ഇല്ലാതിരിക്കില്ല. ഈ കാശുള്ളവനോട് കാരുണ്യം കാട്ടുക തന്നെവേണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here