ക്ഷമ ചോദിക്കുന്നവനെ തല്ലരുതെന്നാണ് വെയ്പ്. എങ്കിലും തല്ലുകിട്ടുമെന്നറിഞ്ഞ് ക്ഷമചോദിക്കുന്നവനെ തല്ലാതെ വിടേണ്ടതുണ്ടോ? അയല്‍ക്കാരനേക്കാള്‍ നമ്മുക്ക് വിശ്വാസമുള്ള ചേട്ടനായിരുന്നു സുക്കര്‍ബര്‍ഗ്. അണ്ണന്റെ കൊച്ചിന്റെ നൂലുകെട്ട് വരെ ലോകത്തിലെ ഓരോ കോണിലുമിരുന്ന് ആഘോഷിച്ചതാണ്. എന്നിട്ടാണിപ്പോള്‍ എല്ലാവന്റെയും കോണകത്തിന്റെ നിറംവരെ അടിച്ചുമാറ്റി വിറ്റതെന്നറിയുമ്പോഴാണ് ഒരു സങ്കടം.

സ്വന്തം ഫെയ്‌സ്‌പോലും നേരെ നോക്കാതെയാണ് നേരംവെളുക്കുംമുമ്പേ സുക്കറണ്ണന്റെ ഫെയ്‌സ്ബുക്കില്‍ കയറി പല്ലുതേച്ചതും കുളിച്ചതും തിന്നതുമെല്ലാം വിളമ്പിയിരുന്നത്. കണ്ടവരോടും കാണാത്തവരോടുമെല്ലാം സൊള്ളിയതും സുക്കറണ്ണനോടുള്ള വിശ്വാസം കൊണ്ടാണ്. എന്നിട്ടിപ്പൊ പറയുന്നു, വിവരങ്ങള്‍ ആരോ ചോര്‍ത്തിക്കോണ്ടുപോയെന്ന്. മതിയായ സുരക്ഷയൊരുക്കുന്നതില്‍ വന്ന വീഴ്ചയില്‍ ഒരു ഖേദപ്രകടനം. ആധാര്‍ കാര്‍ഡിന്റെ വിവരം ചോര്‍ന്നെന്നും പറഞ്ഞ് കാട്ടിയ പുകിലൊന്നും സുക്കറണ്ണനോട് ആരും കാട്ടിയില്ല. ട്രോള്‍ പോലും ഇറക്കി അണ്ണനെ പഞ്ഞിക്കിട്ടില്ല.

നമ്മട വിവരം ചോര്‍ത്തിയടിച്ചതില്‍ ഒരുപങ്കുമില്ലെന്ന കുമ്പസാരം അപ്പടി വിഴുങ്ങിയാലും പണ്ടത്തെ വിശ്വാസം മൊകത്തില്ല. ഫേസ്ബുക്കെന്നാല്‍ നമ്മുടെ ഫേസ് അണ്ണന്‍ ബുക്ക് ചെയ്തതാണ് എന്നാണ് അസൂയക്കാര്‍ പറയുന്നത്.

അണ്ണന്റെ കൈയ്യീന്ന് ചോര്‍ത്തിയ വിവരംവച്ച് ട്രംപിനെ ഈസിയായി ജയിപ്പിച്ച്, മോഡിയെയും പപ്പുമോനെയും സഹായിച്ച്? അണിയറക്കഥകള്‍ ഓരോന്നായി അങ്ങാടിപ്പാട്ടാണ്. എന്നിട്ടും സുക്കറണ്ണനെ അക്ഷരം മാറ്റിവിളിക്കാതെ ഫെയ്‌സ്ബുക്ക് നോക്കുന്നത് സ്‌നേഹം കൊണ്ടല്ല. ശീലം കൊണ്ടാണ്. വാട്ട്‌സാപ്പും ഇപ്പോ അണ്ണന്റെ കൈയ്യിലെന്നതാണ് ഒരാശ്വാസം. ആപ്പിലാക്കില്ലെന്ന വിശ്വാസമില്ലാതെ തന്നെ ചാറ്റാമല്ലോ. എവിടെയോ ഒരു പാട്ട് കേട്ടപോലെ തോന്നുന്നില്ലേ,
”വ്യത്യസ്തനാമൊരു സുക്കറണ്ണനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലേ?”

LEAVE A REPLY

Please enter your comment!
Please enter your name here