മഹാരാഷ്ട്രയല്ല കേരളം. ലോങ്മാര്‍ച്ച് കണ്ട് മുട്ടിടിക്കുന്ന ഭട്ട്‌നാവിസ് അല്ല, പിണറായി വിജയന്‍. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്ന ഇരട്ടച്ചങ്കനെന്നു പറഞ്ഞാല്‍ മാലോകരറിയും. ഈ കത്തിയൊക്കെ കുറേകേട്ടതായെന്ന് പറയുന്നവരുമുണ്ടത്രേ. സ്വന്തം ജില്ലയിലുള്ളവരാണ് അക്കൂട്ടര്‍. അതില്‍ കുറച്ചു വികസനവിരോധികളും മാവോവാദികളുമുണ്ടത്രേ.

വയലെന്നോ വെള്ളമെന്നോ പരിസ്ഥിതിയെന്നോ ഒക്കെ പറഞ്ഞുകേള്‍ക്കുന്നു. വയല്‍ക്കിളി അല്ല, കിളിപോയ കുറച്ചുപേര്‍. അത്രേയുള്ളൂ. അവര്‍ വിചാരിച്ചാലൊന്നും ‘കേരളത്തിലെ’ ഇടതുപക്ഷത്തെ തകര്‍ക്കാനാവില്ല. കര്‍ഷകരും തൊഴിലാളികളുമെല്ലാം നമ്മുടെ ചങ്കാണ്. ഞങ്ങളീക്കാര്യം എപ്പോഴും പറയാറുണ്ട്. അങ്ങനെതന്നെ പറഞ്ഞുകൊണ്ടിരിക്കണമെന്നതാണ് പാര്‍ട്ടി നയം. അതുകൊണ്ടാണ്.

ഓര്‍മ്മക്കൂടുതല്‍കൊണ്ട്, പഴയ ചൊങ്കൊടി പിടിച്ച കഥയൊക്കെ പറഞ്ഞ് മൂത്തുനരച്ച ചില അമ്മച്ചിമാരിറങ്ങിയിട്ടുണ്ട്. ഇക്കാലമത്രയും പാര്‍ട്ടിക്ക് വോട്ടുകുത്തിയെന്നും ഇനിയും അങ്ങനെതന്നെയെന്നും ചാനലുകളില്‍ പറയുന്നുണ്ട്. അടവുനയമായാണ് അത് ഞങ്ങള്‍ വിലയിരുത്തുന്നത്. മണ്ണെണ്ണയും കൊണ്ടിറങ്ങി പേടിപ്പിക്കുന്നത് തീപ്പന്തമായി കത്തുന്ന ഒരു പാര്‍ട്ടിയോടാണെന്ന് ഓര്‍ത്താല്‍ നല്ലത്.

നല്ല നാലുവരി പാതയ്ക്കിരുവശവും നല്ല പച്ചപുതയ്ച്ച നെല്‍വയലുകള്‍. അതാണ് നമ്മുടെ സ്വപ്‌നം.നല്ല എ.സിയൊക്കെയിട്ട കാറിനുള്ളിലിരുന്ന് അറുപത്എണ്‍പത് സ്പീഡില്‍ പാട്ടുംകേട്ടിരുന്ന് കാഴ്ചകാണുന്ന സുഖം അറിയാഞ്ഞിട്ടാണ്. അതിന് വയലിന്റെ നടുവിലൂടെ റോഡ് പണിയണം. അല്ലാതെ റോഡ് പണിഞ്ഞിട്ട് ഇരുവശത്തും നെല്‍വിത്തെറിഞ്ഞാല്‍ സംഗതി നടക്കില്ല. ഇതൊന്നും മനസിലാവാത്തവരാണ് ലോങ്മാര്‍ച്ചിന്റെ കാര്യം പറഞ്ഞ് ഈ മാര്‍ച്ച് മാസത്തില്‍ പാര്‍ട്ടിയെ മോശമാക്കുന്നത്.

നന്ദിഗ്രാമിനെ ഓര്‍മ്മപ്പെടുത്തുന്നവരുണ്ട്. നന്ദിയില്ലാത്ത കൂട്ടരാണവര്‍. കേരളാപ്പാര്‍ട്ടിയെ ബംഗാളാക്കാന്‍ ഒരു കിളി വിചാരിച്ചാലും നടക്കില്ല. വളഞ്ഞ് വളഞ്ഞ് വേണ്ടപ്പെട്ടവരെ ഒഴിവാക്കി പലയിടത്തും റോഡ്പണിഞ്ഞ ചരിത്രമുള്ള നാടാണ്. കര്‍ഷത്തൊഴിലാളികള്‍ വേണ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ വരില്ല. അതൊക്കെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം. ഇങ്ങ് കേരളത്തില്‍ ഈ വിരട്ടൊന്നും വേണ്ട. വയല് കൊയ്ത് വയര്‍ നിറയ്‌ക്കേണ്ട കാലമൊക്കെ കഴിഞ്ഞു. വയല് നികത്തി പലരുടെയും വയര്‍ നിറയുന്ന കാലമാണ്. ഭൂരിപക്ഷാഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍ഗണന. അമ്പത് കര്‍ഷകരുടെ വയറിന്റെ കാര്യം മാത്രം നോക്കിയാല്‍പ്പോരാ.

പാടത്ത് ജോലിയും വരമ്പത്ത് കൂലിയും നല്‍കുന്ന പാര്‍ട്ടിയാണ്. വെള്ളംകുടിമുട്ടുമെന്ന് പറഞ്ഞ് പരിഷത്തുകാരും പാര്‍ട്ടിക്കിട്ട് പണിയുന്നുണ്ട്. പറഞ്ഞിട്ടും മനസിലാകാത്തവരെ പറപ്പിക്കും. മെയ്ഡ് ഇന്‍ ചൈനാപ്പാര്‍ട്ടിയാണ് ആഗോളകമ്മ്യൂണിസ്റ്റ് ചരിതം രചിക്കുന്നത്. പാത്രം കൈയ്യില്‍ നിന്നും വീഴുമ്പോലത്തെ പേരുള്ള ഷി ജിന്‍ പിങ് ആജീവനാന്ത പ്രസിഡന്റ് പദത്തിലെത്തി. ഇനി ഇവിടെ അതുനടക്കുമോ എന്നുനോക്കണം. അതൊക്കെ മോഡിയുടെ ലൈന്‍ അല്ലേ ചേട്ടാ എന്നു ചോദിക്കരുത്. മോഡിയെപ്പോലെ താടിയില്ലെങ്കിലും നല്ല മോടിക്ക് നടക്കുന്ന മുഖ്യനടക്കമുള്ള മുഖ്യസഖാക്കളാണ് തൊഴിലാളിപ്പാര്‍ട്ടിയുടെ ഐശ്വര്യം.

LEAVE A REPLY

Please enter your comment!
Please enter your name here