…ഒരു പക്ഷേ എന്നെ ജീവനോടെ കാണുന്ന അവസാന സമയമാകാം ഇത്…, ജനതയ്‌ക്കൊപ്പം തുടര്‍ന്ന് സെലെന്‍സ്‌കി

‘…നിങ്ങളുമായി ഇനി സംസാരിക്കാന്‍ കഴിഞ്ഞേക്കുമോ എന്നറിയില്ല. ഒരു പക്ഷേ എന്നെ ജീവനോടെ അവസാനമായി കാണുന്ന സമയമാകാം ഇത്.’ റഷ്യന്‍ സൈന്യം ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്കു അടുത്തുകൊണ്ടിരിക്കെ വോളോഡിമിര്‍ സെലെന്‍സ്‌കി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി നടത്ത വിഡിയോ കൂടിക്കാഴ്ച അവസാനിപ്പിച്ചത് ഇങ്ങനെയാണ്. സുരക്ഷിത സ്ഥലത്തേക്കു മാറണമെന്നും യു.എസ്. അതിനു സഹായിക്കാമെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം തള്ളിയാണ് ജനതയ്‌ക്കൊപ്പം തുടരാന്‍ സെലെന്‍സ്‌കി തീരുമാനിച്ചത്.

ഭരണത്തിലേറി മൂന്നു വര്‍ഷമാകുമ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്തിന്റെ നിലനില്‍പ്പു ഭീഷണിയായി തുടരുകയാണ്. ഉക്രെയിന്റെ ഏറ്റവും ജനകീയനായ പ്രസിഡന്റ് അതിനെ എങ്ങനെ നേരിടുന്നുവെന്ന് ജനം നോക്കി കാണുകയാണ്. അദ്ദേഹത്തിന്റെ ജനകീയതകൊണ്ടു തന്നെയാകും ഭരണാധികാരികളെ പുറത്താക്കാനുള്ള റഷ്യന്‍ പ്രസിഡന്റിന്റെ ആഹ്വാനം ജനം അവഗണിച്ചു തള്ളിയത്.

റഷ്യന്‍ അനുകൂലിയായിരുന്ന വിക്ടര്‍ യാനുകോവിച്ചിനെ യൂറോമെയ്ന്‍ ജനകീയ മുന്നേറ്റത്തിലൂടെ പുറത്താക്കിയവരാണ് ഉക്രെയിന്‍ ജനത. പിന്നാലെയെത്തിയ പെട്രോ പോറോഷെങ്കോ അമേരിക്കയോടും റഷ്യയോടും ഒരേ അകലം പാലിച്ചു മുന്നോട്ടുപോയി. എന്നാല്‍, അടുത്ത പ്രസിഡന്റാകാന്‍ ജനം തിരഞ്ഞെടുത്തത് സെലെന്‍സ്‌കിയെയാണ്.

നിയമം പഠിച്ച് കൊമേഡിയനായി ജോലി നോക്കി സെലെന്‍സ്‌കി ഒടുവില്‍ രാഷ്ട്രീയത്തിലെത്തുകയായിരുന്നു. സിനിമ കരിയര്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിനിടെ പറഞ്ഞ അഭിപ്രായങ്ങളാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലെത്തിച്ചതെന്നു പറയാം. ആം ആദ്മി മോഡലില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെയായിരുന്നു വളര്‍ച്ച. അധികാരത്തിലെത്തിയെങ്കിലും വാഗ്ദാനങ്ങളിലേക്കു കടക്കാനാകാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് കൊടുംവിപത്ത് പുടിന്റെ രൂപത്തിന്റെ പെയ്തിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here