ലണ്ടൻ: രാജ്യത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടാകുമെന്ന ആശങ്കകള്‍ക്കിടയിലും ജൂൺ മാസത്തിൽ രാജ്യത്തെ കൊവിഡ് 19 നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിൻവലിക്കാമെന്ന പ്രതീക്ഷയിൽ യുകെ സര്‍ക്കാര്‍. വരുന്ന ജൂൺ 21നു മുൻപ് രാജ്യവ്യാപക വാക്സിനേഷനിൽ വലിയ പുരോഗതി കൈവരിക്കാനും നിയന്ത്രണങ്ങള്‍ ഏകദേശം പൂര്‍ണമായി എടുത്തുനീക്കാനുമാണ് യുകെ ലക്ഷ്യമിടുന്നത്.

യുകെയിലെ ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ഇതിനോടകം കൊവിഡ് 19 വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. ശേഷിക്കുന്നവരുടെ വാക്സിനേഷനും അതിവേഗം പുരോഗമിക്കുകയാണ്. കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും വലിയ തോതിൽ വാക്സിനേഷൻ പൂര്‍ത്തിയായ സാഹചര്യത്തിൽ നേരിടാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കുന്നത്. കേസുകളുടെ എണ്ണം കൂടിയാലും വ്യാപനം നിയന്ത്രണാതീതമാകില്ലെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ചികിത്സയിലുള്ള ആളുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ രാജ്യത്ത് നിലവിൽ കൊവിഡ് 19 വ്യാപനം വളരെ കുറവാണെന്ന് കരുതേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. “ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജൂൺ 21ഓടു കൂടി നിയന്ത്രണങ്ങള്‍ പൂര്‍ണമായി മാറ്റാൻ വലിയ സാധ്യതയാണുള്ളത്.” ബോറിസ് ജോൺസൺ പറഞ്ഞു. അന്നേ് ദിവസം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ നിയന്ത്രണങ്ങളും ജൂൺ 21നു മുൻപ് എടുത്തുകളയുമെന്നാണ് മറ്റു മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ എന്ന് യുകെ മാധ്യമമായ ദ സൺ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് 19 വാക്സിൻ ഗവേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ വാക്സിനുകള്‍ക്കു വേണ്ടി യുകെ സര്‍ക്കാര്‍ വലിയ മുതിൽമുടക്കു നടത്തിയിരുന്നു. 6.81 കോടി ജനസംഖ്യയുള്ള യുകെയിൽ സര്‍ക്കാര്‍ മൊത്തം 35.7 കോടിയോളം വാക്സിൻ ഡോസുകള്‍ക്കാണ് മാസങ്ങള്‍ക്ക് മുൻപേ ഓര്‍ഡര്‍ നല്‍കിയത്. ഓക്സ്ഫഡ് വാക്സിൻ (കൊവിഷീൽഡ്) ഉള്‍പ്പെടെ ഏഴു വാക്സിൻ നിര്‍മാതാക്കളിൽ നിന്നാണ് നേരത്തെ തന്നെ പണം മുടക്കി വാക്സിൻ ഓര്‍ഡര്‍ ചെയ്തത്. ഈ സാഹചര്യത്തിൽ 225 രൂപയ്ക്ക് കമ്പനി വാക്സിൻ നല്‍കിയിരുന്നു. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് നല്‍കാനുള്ള മോഡേണ വാക്സിൻ ഉള്‍പ്പെടെ യുകെ നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്നു. രാജ്യത്ത് തികച്ചും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്തത്.

വാക്സിനേഷൻ ഫലപ്രദമാകുന്നതോടെ രാജ്യത്ത് നിശാക്ലബുകള്‍ അടക്കം ഒരു വര്‍ഷത്തിനു ശേഷം പ്രവര്‍ത്തിച്ചു തുടങ്ങും. വിവാഹച്ചടങ്ങുകള്‍ക്കും ശവസംസ്കാരച്ചടങ്ങുകള്‍ക്കുമുള്ള നിയന്ത്രണങ്ങളും നീക്കും. ശക്തമായ വാക്സിനേഷൻ യജ്ഞമാണ് നടക്കുന്നതെന്നും അടുത്ത കൊവിഡ് 19 തരംഗത്തെ നേരിടാൻ രാജ്യം ശക്തമായ സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും വളരെ പെട്ടെന്നു തന്നെ മുന്നോട്ടു വന്ന് വാക്സിൻ സ്വീകരിക്കണമെന്നും 42 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിൻ സ്വീകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here