ഡല്‍ഹി: ബ്രിട്ടനില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ വിലക്കി. ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. നാളെ അര്‍ധരാത്രി മുതലുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതേസമയം, ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് രോഗബാധ സംബന്ധിച്ച്‌ ഭാവനസൃഷ്ടികളിലൂടെ പരിഭ്രാന്തി പരത്തരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ അഭ്യര്‍ത്ഥിച്ചു.

പുതിയ സ്ഥിതിഗതികളെക്കുറിച്ച്‌ ഗവേഷകരും ശാസ്ത്രജ്ഞരും ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആരോഗ്യമന്ത്രാലയം അടിയന്തര യോഗം വിളിച്ചിരുന്നു.

ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെയാണ് ബ്രിട്ടനില്‍ കണ്ടെത്തിയത്. ബ്രിട്ടന് പുറമെ, യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ് എന്നിവടങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയിലും പുതിയ വൈറസ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ലണ്ടനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിവേഗ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം അടച്ചു. കര, വ്യോമ സമുദ്ര അതിര്‍ത്തികളാണ് ഒരാഴ്ചത്തേക്ക് അടച്ചത്. ഡിസംബര്‍ എട്ടിനു ശേഷം ബ്രിട്ടനില്‍ നിന്നും എത്തിയവര്‍ രണ്ടാഴ്ച കര്‍ശന ക്വാറന്റീനില്‍ പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ ബ്രിട്ടനിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും അതിവേഗ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here