അമേരിക്കയെന്ന സ്വപ്‌നഭൂമികയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാനുള്ള അവസാനഅടവും ട്രംപ് പയറ്റിയിരിക്കുന്നു. അനധികൃതകുടിയേറ്റക്കാരായ മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന ‘സീറോ ടോളറന്‍സ്’ എന്ന കുടിയേറ്റ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് ട്രംപ് വ്യക്തമാക്കുന്നത്. ഒടുങ്ങാത്ത കുരുന്ന് നിലവിളികള്‍ ലോകത്തിന്റെ ഉള്ളുപൊള്ളിക്കുമ്പോഴും പ്രസിഡന്റ് ട്രംപിന് കുലുക്കമേതുമില്ല. കരിങ്കല്ലില്‍ പണിത ഹൃദയത്തിന്, കണ്ണീര്‍ വാര്‍ത്ത് നിലവിളിക്കുന്ന ആ കുരുന്ന് മുഖങ്ങള്‍ നൊമ്പമാകുന്നില്ല.

യു.എസ്. മെക്‌സിക്കന്‍ അതിര്‍ത്തി വഴി അനധികൃത കുടിയേറ്റത്തിനുശ്രമിച്ച ആയിരങ്ങളാണ് അറസ്റ്റുചെയ്യപ്പെട്ടത്. അതിലെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുക എന്ന കുടിലതന്ത്രം ഭാവിയില്‍ ഇത്തരം കുടിയേറ്റങ്ങള്‍ക്ക് ശ്രമിക്കുന്നവരെ പിന്‍തിരിപ്പിക്കുകതന്നെ ചെയ്യുമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

കൈക്കുഞ്ഞുങ്ങളടക്കം രണ്ടായിരത്തിലധികം കുട്ടികളാണ്
ഇക്കഴിഞ്ഞ ഏപ്രില്‍ 19 മുതല്‍ മേയ് 31 വരെ കാലയളവില്‍ സംരക്ഷണകേന്ദ്രങ്ങളിലെത്തപ്പെട്ടത്. കുരുന്നുകളെ പാര്‍പ്പിച്ചിരിക്കുന്ന ഇവിടെ നിന്നും ഹൃദയഭേദകമായ നിലവിളികളാണ് ഉയരുന്നതും. മികച്ച സൗകര്യങ്ങളാണ് ഈ ശിശുകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. അച്ഛനമ്മമാരെ കാണാതെ വാശിപിടിച്ച് കരഞ്ഞുതളര്‍ന്ന് ഉറങ്ങുന്ന കുട്ടികള്‍ക്കാകട്ടെ എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയില്ല.

സിറോ ടോളറന്‍സ് എന്ന നയത്തിനെതിരേ ട്രംപിന്റെ ഭാര്യ മെലനിയ അടക്കം അമേരിക്കയില്‍ അമ്മമാരുടെ പ്രതിഷേധം പടരുകയാണ്. പിഞ്ചുനിലവിളികളുടെ ശബ്ദരേഖകളും ചിത്രങ്ങളും ലോകത്തിന്റെ നെഞ്ചുപിളിക്കുമ്പോഴും അമേരിക്കയെ അഭയാര്‍ത്ഥി കേന്ദ്രമാക്കാന്‍ ഇനി അനുവദിക്കില്ലെന്നു തന്നെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ശാസന. കല്ലിനുകാറ്റുപിടിച്ചപോലെ നില്‍പാണ് അദ്ദേഹം. ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ ദുഃഖമായി അടയാളപ്പെടുത്തുക നാടുംവീടും നഷ്ടപ്പെട്ട, നല്ല ജീവിതം സ്വപ്‌നം കണ്ട് എല്ലാം നഷ്ടപ്പെടുത്തി ഭൂമിയില്‍ ഒരിടംതേടിയലയുന്ന അഭയാര്‍ത്ഥികള്‍ തന്നെയാകും. ഈ കുരുന്നുനിലവിളികള്‍ അതിലെ ഒരു കണ്ണിയും.

LEAVE A REPLY

Please enter your comment!
Please enter your name here