ധാക്ക: 1500-ല്‍പ്പരം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഭാഷന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ച്‌ ബംഗ്ലാദേശ്. മനുഷ്യാവകാശ സംഘടനകളുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് ബം​ഗ്ലാദേശിന്റെ നടപടി. 1,642 അഭയാര്‍ഥികളുമായി ബംഗ്ലാദേശ് നാവികസേനയുടെ ഏഴ് കപ്പലുകളാണ് ചിറ്റഗോങ് തുറമുഖത്ത് നിന്ന് ഭാഷന്‍ ചാര്‍ ദ്വീപിലേക്ക് പുറപ്പെട്ടത്. ഏകദേശം മൂന്നുമണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് അഭയാര്‍ഥികള്‍ ദ്വീപിലെത്തിയത്.

ബംഗ്ലാദേശില്‍ നിന്ന് 21 മൈല്‍ (34 കിലോമീറ്റര്‍) അകലെയാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷം മുന്‍പ് മാത്രം രൂപപ്പെട്ട, വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപാണ് ഇതെന്ന വിമര്‍നം ഉയരുന്നതിനിടെയാണ് ബംഗ്ലാദേശിന്റെ നടപടി. മണ്‍സൂണ്‍ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന ദ്വീപില്‍ ബംഗ്ലാദേശ് നാവികസേന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷനേടുന്നതിനായുള്ള തടയണകളുടെ നിര്‍മ്മാണം, വീടുകള്‍, ആശുപത്രികള്‍, പള്ളികള്‍ തുടങ്ങി 112 ദശലക്ഷം ഡോളറിന്റെ വികസനമാണ് ഇവിടെ നടത്തിയത്. ഒരുലക്ഷത്തോളം പേരെ ഇവിടെ ഉള്‍ക്കൊള്ളാനാവും.

അഭയാര്‍ഥികളുടെ സുരക്ഷയെ കുറിച്ചോര്‍ത്ത് അന്താരാഷ്ട്ര സമൂഹം ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഭാഷണ്‍ ചാറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പമെന്റ് ഡയറക്ടര്‍ കൊമോഡോര്‍ അബ്ദുല്ല അല്‍ മാമുന്‍ ചൗധരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദ്വീപ് സന്ദര്‍ശനം നടത്തുന്നതോടെ ദ്വീപില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്കും മറ്റും ബോധ്യപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദ്വീപിലെത്തിയ ഉടന്‍ എല്ലാവരുടേയും താപനില ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചിരുന്നു. ഇവര്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മുട്ടയും കോഴിയിറച്ചിയും അധികൃതര്‍ വിതരണം ചെയ്തതായി അഭയാര്‍ഥികള്‍ക്കൊപ്പം ദ്വീപിലേക്ക് തിരിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ അറിയിച്ചു. കപ്പലില്‍ കയറുന്നതിന് മുമ്ബ് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇവര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here