കാഠ്മണ്ഡു: നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി കലാപത്തെത്തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധി മറികടക്കാന്‍ പാര്‍ട്ടി നേതൃത്വവുമായി ചൈനീസ് സംഘം കൂടിക്കാഴ്ച നടത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപമന്ത്രി ഉള്‍പ്പെടെയുള്ള നാലംഗ ഉന്നതതല സംഘം നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി, എന്‍സിപി എക്സിക്യൂട്ടീവ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പകമാല്‍ ദഹാല്‍ (പ്രചണ്ഡ) എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രചണ്ഡയും ഒലിയും തമ്മിലുള്ള അധികാരവടംവലിയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെയുള്ള സ്ഥിതിയുണ്ടാക്കിയത്.
ഞായറാഴ്ച കാഠ്മണ്ഡുവിലെത്തിയ ചൈനീസ് ഉപമന്ത്രി ഗു ഇഷോഗ് ഇന്നലെ പ്രചണ്ഡയുമായി കൂടിക്കാഴ്ച നടത്തി. എന്‍സിപിയില്‍നിന്ന് ഒലിയെ പുറത്താക്കിയശേഷം പാര്‍ട്ടിയുടെ നിയന്ത്രണം തനിക്കുണ്ടെന്ന് പ്രചണ്ഡ ചൈനീസ് സംഘത്തെ അറിയിച്ചുണ്ട്. മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളുമായും ചൈനീസ് സംഘം കൂടിക്കാഴ്ച നടത്തി. ഒലിക്കുപകരം മാധവ് കുമാറിനെയാണ് പ്രചണ്ഡ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത്. എന്‍സിപിയിലെ ഒലി പക്ഷത്തെയും പ്രചണ്ഡ പക്ഷത്തെയും ഒരുമിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സംഘം പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുമായും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായും ഞയറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ചൈനീസ് സംഘവുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഇരു ഓഫീസുകളും സ്ഥിരീകരിച്ചെങ്കിലും ഏതു വിഷയത്തിലാണ് ചര്‍ച്ച നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഒലി പാര്‍ലമെന്റ് പിരിച്ചുവിട്ട് ഏപ്രില്‍ 30 മുതല്‍ മേയ് 10 വരെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് സാധ്യമാണോയെന്ന് ചൈനീസ് സംഘം അന്വേഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനപ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാ സമാജ്ബാദി പാര്‍ട്ടി നേതൃത്വവുമായും ഗു കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 165 മണ്ഡലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
