പശ്ചിമാഫ്രിക്കയിലെ രാജ്യമായ സെനഗലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അജ്ഞാതരോഗം സ്ഥിതീകരിച്ചു. അഞ്ചൂറിലധികംപേര് ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
സെനഗല്‍ തലസ്ഥാനമായ ഡാക്കറിലെ തുറമുഖമായ നഗരമായ തിയറോയിലാണ് അജ്ഞാതരോഗം പൊട്ടിപ്പുറപ്പെട്ടത്.
മുഖത്തും ജനനേന്ദ്രിയങ്ങളിലും കൈകാലുകളിലും മുഖത്തും വ്രണങ്ങള്‍പോലെ തടിപ്പും ചെറിയ നീരും കണ്ടുതുടങ്ങുന്നതാണ് ലക്ഷണം. ഈ മാസം 12 നാണ് ആദ്യമായി 20 വയസുള്ള ഒരു മത്സ്യത്തൊഴിലാളിയില്‍ അഞ്ജാതരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മുഖത്തിന്റെ നീര്‍വീക്കം, ചുണങ്ങ്, ശരീരഭാഗങ്ങളില്‍ തടിപ്പ് എന്നിവയുമായാണ് ആശുപത്രിയിലെത്തിയത്. പിന്നാലെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ ഇതേ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിലെത്തി. എന്നാല്‍ ഗുരുതരമായ ചര്മ്മരോഗമാണെന്നല്ലാതെ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അസുഖബാധിതരെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആരോഗ്യ-ക്ഷേമ മന്ത്രി അബ്ദുല്ലയ് ഡിയൂഫ്സര് അറിയിച്ചു. രോഗ ഉറവിടവും കാരണം വ്യക്തമാകുംവരെ കടലിലേക്കുള്ള യാത്രകളും മത്സ്യബന്ധനം സെനഗളില്‍ നിരോധിച്ചിട്ടുണ്ട്.