1830 കോടിയുടെ കുഴല്‍പ്പണം ഇടപാട്: പ്രമുഖ പ്രവാസി വ്യവസായി കുവൈറ്റില്‍ കുടുങ്ങി ?

0

പ്രമുഖ പ്രവാസി വ്യവസായി കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് 1830 കോടി രൂപയുടെ കുഴല്‍പ്പണ ഇടപാട് നടത്തി ? അടുത്തിടെ പ്രളയദുരിത ബാധിതര്‍ക്കായി 10 കോടി രൂപയുടെ പദ്ധതികള്‍ ഈ വ്യവസായി പ്രഖ്യാപിച്ചത് കുവൈറ്റില്‍ നിന്ന് മുങ്ങിയശേഷം.

തീവ്രവാദം, അനധികൃത പണമിടപാട് തുടങ്ങിയവയ്‌ക്കെതിരെ കുവൈറ്റ് സര്‍ക്കാര്‍ അടുത്തിടെ നടപടികള്‍ ശക്തമാക്കിയിരുന്നു. ഒരു ഇറാനി പൗരന്റെ പണമിടപാടിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് പ്രമുഖ മലയാളി വ്യവസായിലേക്ക് എത്തിയതെന്നാണ് സൂചന. കുവൈറ്റ് സര്‍ക്കാരിന്റെ അംനി ദൗളയെന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് മാസങ്ങളായി ഈ മലയാളി വ്യവസായി. ആറു മാസത്തിനിടെ, ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ എട്ടു പ്രാവശ്യം മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

അന്വേഷണം കടുത്തതോടെ അറസ്റ്റ് ഭയപ്പെട്ട് രണ്ടു മാസമായി ഇദ്ദേഹം കുവൈറ്റില്‍ തങ്ങാറില്ലെന്നാണ് റിപ്പോര്‍ട്ട്. മാസത്തിന്റെ പകുതിയിലധികം ദിവസങ്ങള്‍ കുവൈറ്റില്‍ തങ്ങി ബിസിനസുകള്‍ നിയന്ത്രിച്ചിരുന്ന ഇദ്ദേഹം വിരളിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് ഇക്കാലയളവില്‍ കുവൈറ്റിലുണ്ടായിരുന്നത്. അതാകട്ടെ, ഉന്നതതലത്തില്‍ സുരക്ഷ ഉറപ്പാക്കിയശേഷവും.

വ്യവസായിയുടെ മുങ്ങല്‍ ശ്രദ്ധയില്‍പ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാട് കടുപ്പിച്ചതോടെ, ഇദ്ദേഹത്തെ ഉടന്‍ കുവൈറ്റിലെത്തിക്കാമെന്ന ഉറപ്പ് കമ്പനിയുടെ പാര്‍ട്ണര്‍കൂടിയായ സ്‌പോണ്‍സര്‍ നല്‍കിയാണ് വിവരം. 13,000 തൊഴിലാളികളുള്ള നിര്‍മ്മാണ മേഖലയിലെ ഇദ്ദേഹത്തിന്റെ കമ്പനിക്കെതിരെ സ്‌പോണ്‍സറുടെ കുടുംബവും അടുത്തിടെ രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്ന്, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കുടുംബത്തിനു ലഭിക്കേണ്ട 1400 കോടിയോളം നല്‍കിയിട്ടില്ലെന്നാണ് ആരോപണം.

കുവൈറ്റില്‍ നിന്നു മാറി നല്‍ക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വേളയിലാണ് പ്രളയമനുഭവിക്കുന്നവര്‍ക്കായി 10 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യവസായി പ്രഖ്യാപിച്ചത്. ഇതിനായി കമ്പനിയിലെ ജീവനക്കാരുടെ ശമ്പളം പിടിച്ചത് വിവാദമാവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here