കോഴ നല്‍കി ഉപകരാര്‍ നേടാന്‍ ശ്രമിച്ചു വെട്ടിലായി; മലയാളി പ്രവാസി വ്യവസായി എണ്ണ കമ്പനിയുടെ നിരീക്ഷണത്തില്‍

0
2

കുവൈറ്റ്: കുവൈറ്റിലെ എണ്ണ വ്യാപാര മേഖലയില്‍ മലയാളി വക കോഴവിവാദം. കോഴ നല്‍കി ഉപകരാര്‍ നേടാന്‍ ശ്രമിച്ചതിന് മലയാളി പ്രവാസി വ്യവസായിക്കെതിരെ കൊറിയന്‍ കരാര്‍ കമ്പനി കുവൈറ്റ് ഓയില്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

കുവൈറ്റിലെ ഓയില്‍, ഗ്യാസ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ് മലയാളി പ്രവാസി വ്യവസായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ നടപടി. ആര്‍.എഫ്.പി (റിക്വസ്റ്റ് ഫോര്‍ പാര്‍ട്ടിസിപ്പേഷന്‍) നമ്പര്‍: 2025297 നു കീഴില്‍ വരുന്ന ഉല്‍പ്പാദന സംവിധാനങ്ങളുടെ മെയിന്റനന്‍സ് ഉപകരാറിനാണ് പ്രവാസി വ്യവസായി ശ്രമിച്ചത്. ഉല്‍പ്പാദ സംവിധാനങ്ങളുടെ മെയിന്റനന്‍സ് ഉപകരാറിന്റെ പാക്കേജ് നമ്പന്‍ മൂന്നിനാണ് കമ്പനി നീക്കം നടത്തിയത്.

എഞ്ചിനിയറിംഗ് പ്രൊക്വര്‍മെന്റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) കമ്പനിയില്‍ നിന്ന് ഉപകരാര്‍ ലഭിക്കുന്നതിന് സീനിയര്‍ മാനേജുമെന്റ് പ്രതിനിധികള്‍ക്ക് വന്‍തുക കോഴ നല്‍കാന്‍ ശ്രമിച്ചു. പ്രധാന കരാറുകാരായ കൊറിയന്‍ കമ്പനി ഇക്കാര്യങ്ങള്‍ രേഖാമൂലം കുവൈറ്റിലെ ഓയില്‍ കമ്പനി അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. കഴിഞ്ഞ മാസമാണ് സംഭവം.

കോഴ നല്‍കാന്‍ ശ്രമിച്ച പ്രവാസി വ്യവസായിയുടെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ നിരീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍കാല അപകടങ്ങളുടെ പശ്ചാത്തലത്തില്‍, കാലപ്പഴക്കം ചെന്ന നിര്‍മ്മാണ വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ഓയില്‍ പ്ലാന്റുകളില്‍ കര്‍ശന നിയന്ത്രണമുണ്ട്. കര്‍ശനമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനകളും മറികടന്ന്, പുതിയ നിര്‍മ്മാണ വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റ് ഉപയോഗിച്ച് പഴയവ തുടര്‍ച്ചയായി ഒരു കമ്പനി പ്രവര്‍ത്തിപ്പിച്ചു വന്നിരുന്നത് അടുത്തിടെ പിടിക്കപ്പെട്ടിരുന്നു.

ഇതിനു പിന്നാലെ കരാറുകാരുടെ വാഹനങ്ങളും ഉപകരണങ്ങളും  നിരീക്ഷിക്കുന്നത് കര്‍ശനമാക്കുകയും ചെയ്തു. അതിനിടെയാണ്, പുതിയ സംഭവം പരാതിയായി അധികൃതര്‍ക്കു മുന്നിലെത്തുന്നത്. ഇപ്പോള്‍ നിശബ്ദമായി അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെ വിധം ഏതു സമയത്തും മാറിയേക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില കമ്പനികള്‍ നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here