തെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫഖ്രിസാദെയെ കൊലപ്പെടുത്തിയത് സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നിര്‍മിത ബുദ്ധി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന ഫഖ്രിസാദെയെ കൊലപ്പെടുത്തിയതെന്ന് റെവല്യൂഷിനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ അലി ഫദവി മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ 27ന് ഇറാന്‍ തലസ്ഥാനമായ തെഹ്റാന് പുറത്ത് ദേശീയപാതയില്‍ കാവല്‍ക്കാരുടെ സുരക്ഷയില്‍ സഞ്ചരിക്കവേയാണ് ഫഖ്രിസാദെ കൊല്ലപ്പെട്ടത്. ഫഖ്രിസാദെയുടെ മുഖത്തേക്ക് മെഷീന്‍ഗണ്‍ സൂം ചെയ്ത് 13 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പിക്കപ്പ് വാനില്‍ മെഷീന്‍ ഗണ്‍ സ്ഥാപിക്കുകയും ഫഖ്രിസാദെയുടെ മുഖം മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു. 25 സെന്റിമീറ്റര്‍ മാത്രം അകലെയായി അദ്ദേഹത്തിന്റെ ഭാര്യയുണ്ടായിരുന്നെങ്കിലും അവര്‍ക്ക് നേരെ വെടിയേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹം വഴി ഓണ്‍ലൈനായാണ് മെഷീന്‍ ഗണ്‍ നിയന്ത്രിച്ചതെന്നും നൂതന കാമറയും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫഖ്രിസാദെയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നാലു തവണ വെടിയേറ്റതായും അലി ഫദവി പറഞ്ഞു.സംഭവത്തിന് പിന്നില്‍ ഇസ് റാഈല്‍ ആണെന്ന് ഇറാന്‍ നേരകത്തെ കുറ്റപ്പെടുത്തിയിരുന്നു. 10 വര്‍ഷത്തിനിടെ ഇറാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആണവ ശാസ്ത്രജ്ഞനാണ് ഫഖ്രിസാദെ.

LEAVE A REPLY

Please enter your comment!
Please enter your name here