ന്യൂയോര്‍ക്ക്: കേംബ്രിജ് അനലിറ്റിക്ക വിഷയത്തില്‍ വീഴ്ച ഏറ്റുപറഞ്ഞും ഉത്തരവാദിത്വം ഏറ്റെടുത്തും ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക് സൂക്കര്‍ബര്‍ഗ്. 2013ല്‍ നിര്‍മ്മിച്ച പേഴ്‌സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വിവരങ്ങള്‍ ചേര്‍ന്നിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി സംശയാസ്പദമായ എല്ലാ ആപ്പുകളെക്കുറിച്ചും ഓഡിറ്റ് നടത്താനാണ് തീരുമാനം. അതിന് അനുവദിക്കാത്ത ഡെവലപ്പര്‍മാരെ ഒഴിവാക്കും. ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്കിലെ അഞ്ചുകോടി അംഗങ്ങളുടെ വിവരങ്ങള്‍ രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കാംബ്രിജ് അനലിറ്റിക്ക നിയമവിരുദ്ധമായി ശേഖരിച്ചുവെന്ന വാര്‍ത്ത നോരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ അറിയാതെ വ്യക്തിഗതവിവരങ്ങള്‍ സ്വന്തമാക്കി അവരുടെ താല്‍പര്യങ്ങളും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ട്രംപ് പക്ഷത്തെ കാംബ്രിജ് അനലിറ്റിക്ക സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്ക് വിലക്കിയിട്ടുണ്ട് . വിവരങ്ങള്‍ പുറത്തായതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും കേംബ്രിജ് അനലിറ്റിക്കിനുമെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫേസ് ബുക്കിനെതിരെ ഇന്ത്യയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഫേസ്ബുക്ക് ഇടപെട്ടാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍ കേന്ദ്ര വിവരസാങ്കേതികമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here