മാലദ്വീപില്‍ അടിയന്തരാവസ്ഥ, യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

0

മാലി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ മാലദ്വീപില്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഔദ്യോഗിക ചാനലിലൂടെ മാല നിയമകാര്യ മന്ത്രി അസീമ ശക്കൂര്‍ ആണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്ക് നീക്കാനുമുള്ള സ്പ്രീം കോടതി ഉത്തരവ് തള്ളിക്കളയുന്നതായി ഭരണനേതൃത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. പ്രഖ്യാപനത്തിനു പിന്നാലെ സൈന്യം സുപ്രീം കോടതിയില്‍ കയറിയതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജഡ്ജിമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. കോടതിക്കുള്ളില്‍ ജഡ്ജിമാരുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാരിനെതിരെ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് മാലയില്‍ പ്രതിസന്ധി തുടങ്ങിയത്. വിധിക്കെതിരെ അബ്ദുല്ല യമീന്‍ ശക്തമായി രംഗത്തുവന്നു. വിധി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സര്‍ക്കാര്‍ വാദിക്കുകയും കോടതി വിധി നടപ്പിലാക്കരുതെന്ന് സൈന്യത്തിനും പൊലിസിനും നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേച്ചൊല്ലി ശനിയാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ ചോദ്യമുന്നയിച്ചപ്പോള്‍, സൈനികരെത്തി രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും പാര്‍ലമെന്റ് പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തിരുന്നു.

മാലദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here