ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. പ്രമേയം ഇനി സെനറ്റില്‍ അവതരിപ്പിക്കും.

അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്റെ ആദ്യഭാഗം 197 നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198 നെതിരെ 229 വോട്ടിനുമാണ് പാസായത്. പ്രമേയം ഇനി യുഎസ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്‌ക്കെത്തും.

യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുടെ നടപടി ഏകപക്ഷീയമാണ്. ജനവിധി അട്ടിമറിയ്ക്കാനുള്ള ശ്രമമാണിതെന്നും വൈറ്റ്ഹൗസ് ആരോപിച്ചു.

435 അംഗ സഭയില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാര്‍ട്ടിക്കാണു ഭൂരിപക്ഷം. ട്രംപിനും കൂട്ടര്‍ക്കും ഭൂരിപക്ഷമുള്ള 100 അംഗ സെനറ്റു കൂടി അനുമതി നല്‍കിയാല്‍ ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. സെനറ്റ് വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടിവരും.

ഇംപീച്ച്‌മെന്റിനു വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. യുഎസിന്റെ 17 മത് പ്രസിഡന്റായിരുന്ന ആന്‍ഡ്രു ജോണ്‍സണും 42 മത് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമാണ് ഇതിനു മുമ്പ് ഇംപീച്ചുമെന്റിന് വിധേയരായിട്ടുള്ളവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here