വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയം ഇലക്‌ട്രല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങാമെന്നു വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അതേസമയം തന്നെ വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാജയം താന്‍ അംഗീകരിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍റെ വിജയം ഇലക്‌ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ മറുപടി.

” തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം. എന്നാല്‍ അവര്‍ അങ്ങനെയൊരു തീരുമാനത്തില്‍ എത്തുകയാണെങ്കില്‍ അവര്‍ തെറ്റ് ചെയ്യുകയാണ്. അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. ഇത് ഒരു വലിയ തട്ടിപ്പായിരുന്നു’- ട്രംപ് പറഞ്ഞു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് പരസ്യമായി ഇത്തരമൊരു പ്രഖ്യാപനം ട്രംപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കുകയായിരുന്നു . തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിക്കുകയും ചെയ്തിരുന്നു. നവംബര്‍ 3 ന് നടന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചെങ്കിലും ഇത് ഉതുവരെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. 232 നെതിരെ 306 വോട്ടുകള്‍ നേടിയായിരുന്നു ട്രംപിനെ ജോ ബൈഡന്‍ പരാജയപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here