ഷാന്‍ഹായ്: വുഹാനില്‍ അജ്ഞാത വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നു ബാഹ്യലോകത്തെ അറിയിച്ച സിറ്റിസണ്‍ ജേര്ണലിസ്റ്റിനു ചൈന നാലുവര്‍ഷം തടവ് വിധിച്ചു. ക്രമസമാധന പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണു മുന്‍ അഭിഭാഷകയായ ഷാംഗ് ഷാനെ(37) നാലു വര്‍ഷം തടവിനു വിധിച്ചതെന്ന് അവരുടെ അഭിഭാഷകന് അറിയിച്ചു. വുഹാനില്‍ അജ്ഞാത വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നു ഫെബ്രുവരിയാണ് അവര്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത്തരത്തില്‍ കൊറോണ വൈറസ് രോഗം പുറംലോകത്തെ അറിയിച്ച ഒന്‍പതു പേരെ ചൈന ശിക്ഷിച്ചു. ഇതിനിടെ, വൈറസ് രോഗം തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്കു സാധിച്ചെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞു. ഇതിനു നേതൃത്വം നല്കിയ പ്രസിഡന്റ് ഷി ചിന്പിന്ഗിനെ പാര്‍ട്ടി പ്രത്യേകം അഭിനന്ദിച്ചു.
അറസ്റ്റിലായ ഷാന്‍ ഏപ്രില്‍ മുതല്‍ ജയിലില്‍ നിരാഹാരത്തിലാണ്. മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെ അധികൃതര്‍ നിര്‍ബന്ധമായി ഭക്ഷണം നല്‍കുകയാണ്. നിരാഹാരത്തെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുള്ള ഷാന്‍ വീല്‍ചെയറിലാണ് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയത്.
