റോം: ക്രിസ്മസ് രാവുകള്‍ അടുത്ത് കഴിഞ്ഞിട്ടും പാശ്ചാത്യ ലോകം കൊറോണ ഭീഷണിയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ്. യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിന്‍്റെ പറുദീസയായ ഇറ്റലിയും കൊറോണ ഭീഷണിയില്‍ നിന്നും ഇതുവരെ മോചിതമായിട്ടില്ല. ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ രോഗത്തിന്‍്റെ വ്യാപ്തി കൂട്ടുമെന്ന് ബോധ്യമായതോടെ വീണ്ടും ലോക്‌ഡൗണ്‍ അടക്കമുള്ള തീവ്ര നിയന്ത്രണങ്ങളിലേക്ക് രാജ്യം പോകുകയാണ്.

ക്രിസ്മസ്-ന്യൂഇയര്‍ ദിവസങ്ങളില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ജുസെപ്പെ കോണ്ടെ. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച്‌ തീരുമാനം കൈക്കൊണ്ടത്. പ്രധാനമായും 24 മുതല്‍ 27 വരെയും 31 മുതല്‍ ജനുവരി 3, 5,6 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഷോപ്പുകള്‍, ബാറുകള്‍, റസ്റ്റോറന്‍്റുകള്‍ എന്നിവ അടക്കും. ജനങ്ങള്‍ക്ക് മറ്റ് പ്രവശ്യകളിലേക്കുള്ള യാത്രകള്‍ക്കും വിലക്കുണ്ട്. ഒരു വീട്ടിലുള്ളവര്‍ക്ക് ഈ കാലയളവില്‍ ഒരു ദിവസം ഒരു തവണ മാത്രമെ പുറത്ത് സഞ്ചരിക്കാന്‍ അവസരം നല്‍കു. വീടുകളില്‍ പരമാവധി രണ്ട് അതിഥികളെ സന്ദര്‍ശിക്കാവൂ. ഇതിനു പുറമെ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ അതിഥികള്‍ക്കൊപ്പം ഉണ്ടാകാന്‍ പാടില്ല.

മതപരമായ ആഘോഷങ്ങള്‍ രാത്രി പത്ത് മണി വരെ പാടുള്ളുവെന്നും നിര്‍ദ്ദേശത്തിലുണ്ട്. ലൊംബാര്‍ഡി, വെനീറ്റോ, ലാസിയോ തുടങ്ങിയ പ്രദേശങ്ങളില്‍ കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങള്‍. ക്രിസ്മസ് ആഘോഷ വേളകളില്‍ രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കൂടുമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. ” വൈറസ് ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്, ഇവയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാനാകും എന്നാല്‍ ഇവയെ നശിപ്പിക്കാന്‍ നമുക്ക് കഴിയില്ല, അതിനാലാണ് ആഘോഷ നാളുകളില്‍ രോഗസംക്രമണം വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, കോണ്ടെ വ്യക്തമാക്കി.ഫുഡ് സ്റ്റാളുകള്‍, ബാര്‍ബര്‍ ഷോപ്പ്, മരുന്നുകടകള്‍, ചില്ലറ പുകയില വിത്പനശാലാകള്‍, ശൗചാലയങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.

ഈ മാസം 28,29,30 ജനുവരി 4 എന്നീ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇളവുകള്‍ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ ഷോപ്പുകള്‍ക്ക് രാത്രി 9 വരെ പ്രവര്‍ത്തിക്കാം. 6 കോടി ജനങ്ങളാണ് ഇറ്റലിയില്‍ അധിവസിക്കുന്നത്. യൂറോപ്പില്‍ ഏറ്റവും ആദ്യം കൊറോണ പ്രഹരമേല്‍പ്പിച്ചതും ഇറ്റലിയിലായിരുന്നു. 67,894 പേരാണ് കൊറോണ മൂലം ഇറ്റലിയില്‍ മരിച്ചത്. ദിനം പ്രതി പതിനേഴായിരത്തിലധികം പേര്‍ക്ക് ഇപ്പോഴും വൈറസ് ബാധിക്കുന്നുണ്ട്. ഇതുവരെ ഇറ്റലിയില്‍ മാത്രം 1.92 കോടി ജനങ്ങള്‍ക്ക് വൈറസ് ബാധിച്ചെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here