സ്‌ഫോടനങ്ങളും ഒഴിപ്പിക്കലും ഒരു ഭാഗത്ത്, യുക്രെയ്ന്‍ യുദ്ധഭീതിയുടെ നടുവില്‍ തന്നെ, റഷ്യന്‍ ആക്രമണസാധ്യത ആവര്‍ത്തിച്ച് ബൈഡന്‍

കീവ്: സൈനിക വാഹനം പൊട്ടിത്തെറിച്ച് കിഴക്കന്‍ യുക്രെയ്‌നിലെ ഡോനെട്‌സ്‌ക് നഗരത്തില്‍ വന്‍ സ്‌ഫോടനം. നീണ്ടു പോകുന്ന നയതന്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ ഉക്രെയിനിലെ പലയിടങ്ങളിലും റഷ്യന്‍ അനുകൂല വിമതരുടേതുള്‍പ്പെടെ സ്‌ഫോടന പരമ്പരകളും അരങ്ങേറുകയാണ്. റഷ്യന്‍ അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ റഷ്യയ്ക്കു ഉക്രെയിന്‍ ആക്രമിക്കാന്‍ കാരണമണ്ടാക്കി നല്‍കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

പുടിന്‍ ഒരു യുദ്ധത്തിനു തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം വിചാരിച്ചാല്‍ അതു മാറ്റാന്‍ ഇനിയും സമയമുണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിക്കുന്നത്. നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് റഷ്യ യുദ്ധഭീതി വര്‍ദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ, കിഴക്കന്‍ ഉക്രെയിനിലെ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ റഷ്യന്‍ അനുകൂല വിമതര്‍ നടത്തുന്നുണ്ട്.

ഈ പരിപാടി ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രവിശ്യാ തല്സ്ഥാനമായ ഡോനെട്‌സ്‌കില്‍ സ്‌ഫോടനം അരങ്ങേറിയത്. വലിയ സ്‌ഫോടനമാണു സംഭവിച്ചിരിക്കുന്നതെന്ന് റഷ്യയുടെ ആര്‍ഐഎ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചു. ശീതയുദ്ധകാലത്ത് ഉള്ളതിനേക്കാള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഇപ്പോഴുള്ളതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. യുക്രെയ്ന്‍ റഷ്യ പ്രശ്‌നങ്ങള്‍ നയതന്ത്രതലത്തില്‍ പരിഹരിക്കണമെന്ന നിലപാടിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍.

വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന പ്രകോപനങ്ങളെ രാജ്യാന്തര സമൂഹം അപലപിക്കണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here