ടെ​ഹ്റാ​ന്‍:ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സർജറി നടത്തി എന്ന പേരിൽ വാർത്തകളിലിടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. സഹര്‍ തബറിനെതിരെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു, മതനിന്ദ, തെറ്റായ മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ വര്‍ഷമാണ് സഹര്‍ തബര്‍ അറസ്റ്റിലായത്.

ഫത്തേമ ഖിഷ്വന്ത് എന്നാണ് 19കാരിയായ സഹറിന്റെ യഥാർഥ പേര്. ആഞ്ജലീന ജോളിയെപ്പോലെയാവാൻ താൻ 50 തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് അവകാശപ്പെട്ട് സഹര്‍ തബര്‍ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സോംബി രൂപത്തിലുള്ള നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഇവയെല്ലാം താന്‍ എഡിറ്റ് ചെയ്തും ഫോട്ടോഷോപ്പ് ചെയ്തും ഉണ്ടാക്കിയെടുത്തതാണെന്ന് സഹര്‍ തന്നെ പിന്നീട് വെളിപ്പെടുത്തി. അതൊരു കല ആണെന്നും സ്വയംപ്രകാശനമാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും സഹര്‍ പറയുകയുണ്ടായി.

ഇറാനിയന്‍ സ്റ്റേറ്റ് ടിവി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സഹര്‍ തബറിന്‍റെ കുറ്റസമ്മതം സംപ്രേഷണം ചെയ്തിരുന്നു. സഹര്‍ തബറിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും നേരത്തെ ചികിത്സ തേടിയിട്ടുണ്ടെന്നും അതിനാല്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാകണമെന്നും ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സഹറിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. സഹറിന്‍റെ പ്രായം പരിഗണിക്കണമെന്ന അഭിഭാഷകന്‍റെ വാദം പരിഗണിക്കപ്പെട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here