വംശീയതയും വര്‍ണവെറിയും മൂലം ഫുട്ബോളില്‍ ആഫ്രിക്കന്‍ താരങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് മുന്‍ ബാലന്‍ഡിയോര്‍ ജേതാവും ബാഴ്സലോണ ഇതിഹാസവുമായ സാമുവല്‍ എറ്റൂ. മികച്ച കളിക്കാരുണ്ടെങ്കിലും അവരെ കൈപിടിച്ചുയര്‍ത്താന്‍ ആരുമില്ലാത്തത് ദുഖകരമായ യാഥാർഥ്യമാണെന്നും എറ്റൂ ദോഹയില്‍ പറഞ്ഞു.

ബാലന്‍ഡിയോര്‍ പുരസ്കാരത്തിന് എന്തുകൊണ്ട് ആഫ്രിക്കയില്‍ നിന്നുള്ള താരങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മുന്‍ ബാഴ്സലോണ താരവും കാമറൂണി‍ന്റെ ഇതിഹാസതാരവുമായ സാമുവല്‍ എറ്റൂ. ജോര്‍ജ്ജ് വിയ, ദിദിയര്‍ ദ്രോഗ്ബയെയും പോലെയുള്ള പ്രതിഭാധനരായ കളിക്കാര്‍ ഫുട്ബോള്‍ മൈതാനത്ത് പിറവിയെടുത്തു. പക്ഷെ എല്ലാവര്‍ക്കും ആഫ്രിക്കന്‍ താരങ്ങളെന്ന മേല്‍വിലാസമായിരുന്നു നല്‍കപ്പെട്ടത്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലഘടകങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ യൂറോപ്പിലുള്ളവര്‍ അവിടേക്കെത്തുന്നു. എന്നാല്‍ ആഫ്രിക്കയിലുള്ളവര്‍ യൂറോപ്പില്‍ വരുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. ആഫ്രിക്കന്‍ താരങ്ങള്‍ വളരണമെങ്കില്‍ അവര്‍ തന്നെ അധ്വാനിക്കണമെന്നും സാഹചര്യങ്ങളില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും എറ്റൂ പറഞ്ഞു. 2022 ലോകകപ്പിനുള്ള നാലാമത്തെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനായി ദോഹയിലെത്തിയതായിരുന്നു സാമുവല്‍ എറ്റൂ. ഓസ്ട്രേലിയന്‍ മുന്‍ ലോകകപ്പ് ക്യാപ്റ്റന്‍ ടിം കാഹില്‍ ഉള്‍പ്പെടെ ഖത്തര്‍ ലോകകപ്പിന്‍റെ അംബാസിഡര്‍മാരായ മുന്‍ താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here