സ്‌കൂള്‍ക്ലാസുകളിലൊക്കെ ഉറക്കംതൂങ്ങിയെന്ന വിളികേട്ടുവിഷമിച്ചിട്ടുണ്ടെങ്കിലും ഇന്ന്് നല്ലൊരുറക്കം കിട്ടാതെ വലയുന്നവരാണ് ഏറെയും. ഇന്ത്യാക്കാര്‍ക്ക് പൊതുവേ ഉറക്കമില്ലാത്ത നാളുകളാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നതും. യുവജനങ്ങളിലേറെയും ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണത്രേ. സ്മാര്‍ട്ട് ഫോണുകളുടെ വരവാണ് ഉറക്കംകെടുത്തുന്നതിന് പിന്നില്‍. രാത്രിമുഴുവന്‍ മെസേജയച്ചും വരുന്ന സന്ദേശങ്ങള്‍ക്ക് ഇടയ്ക്കിടെ മറുപടിയിട്ടും ഉറക്കമൊഴിയുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ശരിയായ ഉറക്കമില്ലായ്മ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുന്നതും.

രാത്രികാല ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക് ജോലിസ്ഥലത്തും പ്രകടമാകും. പ്രായപൂര്‍ത്തിയായ ഇന്ത്യാക്കാരില്‍ 32 ശതമാനവും സാങ്കേതികവിദ്യയുടെ ദുരുപയോഗംനിമിത്തം ഉറക്കമില്ലായ്മ അനുഭവിക്കുന്നവരാണെന്നാണ് ആഗോളതലത്തില്‍ നടന്ന പഠനവിവരം. ശരിയായ ഉറക്കത്തെക്കാള്‍ വ്യായാമമില്ലായ്മയാണ് ശാരീരികാസ്വസ്ഥതകള്‍ക്ക് കാരണമെന്ന് 66 ശതമാനം ഇന്ത്യാക്കാരും കരുതുന്നൂവെന്നും സര്‍വ്വേഫലം പറയുന്നു. ഉറക്കത്തിന്റെ പ്രധാന്യം തിരിച്ചറിയാത്തവരാണ് ഏറെയുമെന്നര്‍ത്ഥം.

ലോകത്തില്‍ 46 ശതമാനംപേരും ഉറക്കമില്ലായ്മകാരണം ക്ഷീണമനുഭവിക്കുന്നവരാണ്. മോശംപെരുമാറ്റം(41%), ശ്രദ്ധയില്ലായ്മ (39%), ഒരുകാര്യത്തിലും താത്പര്യമില്ലാത്ത അവസ്ഥ (39%) എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇക്കൊല്ലം മാര്‍ച്ച് 16ാണ് ലോക ഉറക്കദിനമായി ആഘോഷിക്കപ്പെടുന്നത്. വേള്‍ഡ് സ്ലീപ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ശരിയായി ഉറങ്ങേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 2019ല്‍ മാര്‍ച്ച് 15 നും 2020ല്‍ മാര്‍ച്ച് 14 നുമാണ് വേള്‍ഡ് സ്ലീപ് ഡേ ആഘോഷിക്കുകയെന്ന് സംഘടനയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here