തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കും കൂടി സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിക്കും വൈറസ് ബാധ സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം പത്തൊമ്പതായി.

നിലവില്‍ 16 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഒടുവില്‍ രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിലെ പരിയാരം മെഡിക്കല്‍ കോളജിലും തൃശൂര്‍ സ്വദേശിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 4180 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ കൂടി സാമ്പിള്‍ പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കിയതായും ഉന്നതതലയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ കൊറോ ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 56 ഇന്ത്യക്കാരും 17 വിദേശികളുമാണുള്ളത്. വ്യാഴാഴ്ച മാത്രം 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന നൂറ്റമ്പതോളം പേരെ വെള്ളിയാഴ്ച രാത്രിയോടെ തിരികെ മുംബൈയില്‍ എത്തിക്കും. ഇതുവരെ 900 ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here