ഡല്‍ഹി: താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ആ അവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് 19നെതിരായ പോരാട്ടം ഒരു “ലോകമഹായുദ്ധം” ആണെന്നും അഭിപ്രായപ്പെട്ടു.
ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണന്, ആര്.സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. മിതമായ നിരക്കില്‍ ചികിത്സയ്ക്കായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സംസ്ഥാനങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നീരീക്ഷിച്ചു.
ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്, ആര്.സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.
“ആരോഗ്യത്തിനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ആരോഗ്യത്തിനുള്ള അവകാശത്തില്‍ മിതമായ നിരക്കില്‍ ചികിത്സ ഉള്‍പ്പെടുന്നു. അതിനാല്‍, മിതമായ നിരക്കില്‍ ചികിത്സയ്ക്കായി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്.” കോടതി പറഞ്ഞു.
അഭൂതപൂര്‍വമായ പകര്‍ച്ചവ്യാധി കാരണം, ലോകത്തിലെ എല്ലാവരും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കഷ്ടപ്പെടുന്നു. ഇത് കോവിഡിനെതിരെയുള്ള ഒരു ലോകമഹായുദ്ധമാണ്. അതിനാല്‍, ലോകമഹായുദ്ധത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം പൊതു പങ്കാളിത്തവും ഉണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.