ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന കൊറോണ വൈറസുകളില്‍ മൂന്നു ടൈപ്പുണ്ടെന്ന് പുതിയ പഠനം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്ന വൈറസുകളുടെ ജനിതക ചരിത്രം പിന്തുടര്‍ന്ന ഗവേഷകരാണ മൂന്നിനത്തില്‍പ്പെട്ടവയുടെ സാന്നിധ്യം കണ്ടെത്തിയത്. വ്യത്യസ്ത ജനിതക സ്വഭാവം കാണിക്കുന്നെങ്കിലും മൂന്നിനങ്ങളും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്നാണ് കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍ വ്യക്തമാക്കുന്നത്.

മൂന്നിനത്തില്‍ ടൈപ്പ് എ വൈറസാണ് ചൈനയിലെ ഹ്വാനന്‍ മാര്‍ക്കറ്റില്‍ ദുരന്തം വിതച്ചുതുടങ്ങിയതെന്നാണ് നിഗമനം. ഇതിനെയാണ് ഒര്‍ജിനല്‍ ചൈനീസ് വയറസായി കണക്കാക്കിയിരിക്കുന്നത്. യു.എസിലും ഓസ്‌ട്രേലിയയിലും അടക്കം നാലു ലക്ഷത്തോളം പേരിലേക്കു പടര്‍ന്നു പിടിച്ചത് ഈ ഗണത്തില്‍പ്പെട്ട വൈറസാണ്. യു.എസില്‍ മൂന്നില്‍ രണ്ടു രോഗബാധിതരിലും ടൈപ്പ് എ വൈറസിനെയാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാല്‍, ചൈനയെ പ്രധാനമായും ആക്രമിച്ചിരിക്കുന്നത് ടൈപ്പ് ബി ഗണത്തില്‍പ്പെട്ട വൈറസുകളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്മസ് കാലത്തു മുതലാണ് ഇതു വ്യാപിക്കാന്‍ തുടങ്ങിയത്. യു.കെയിലും ഏറ്റവുമധികം പേരിലേക്കു പടര്‍ന്നിരിക്കുന്നത് ഇതാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയവിടങ്ങളിലും ഈ വയറസിന്റെ സാന്നിദ്ധ്യമാണ് കൂടുതല്‍. ടൈപ്പ് ബിക്ക് രൂപം മാറ്റമുണ്ടായതാണ് സി വിഭാഗത്തില്‍പ്പെടുന്നതെന്നാണ് അനുമാനം. ഇതാണ് യൂറോപ്പില്‍ പടര്‍ന്നു പിടിച്ചത്. എന്നാലിപ്പോള്‍ ടൈപ് ബിയും യൂറോപ്പില്‍ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്.

സാര്‍സ് കോവ് 2 വൈറസിന് തുടര്‍ച്ചയായി ജനിതക മാറ്റം സംഭവിക്കുന്നതായാണു ഗവേഷകരെ ആശങ്കപ്പെടുത്തുന്നത്. ആര്‍.എന്‍.എ വൈറസാണതിനാല്‍തന്നെ മരുന്നു കണ്ടുപിടിച്ചാലും ജനിതക മാറ്റം വരുത്തി പ്രതിരോധിക്കാനുള്ള കഴിവ് ഗവേഷകര്‍ക്കു വെല്ലുവിളിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 160 സാമ്പിളുകാണ് പഠനവിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here