കേരളത്തില്‍ പക്ഷാഘാത സാധ്യതയുള്ളവരുടെ എണ്ണം കൂടിവരികയാണ്. സമയബന്ധിതമായ ചികിത്സ കൊണ്ടു മാത്രം ഭേദമാക്കാവുന്ന രോഗങ്ങളിലൊന്നാണ് പക്ഷാഘാതം. ജീവിതശൈലീ രോഗങ്ങളുടെ പരിണിതഫലമാണ് സ്‌ടോക്ക്. മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളിലെ രക്തം കട്ടപിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക്. കേരളത്തില്‍ 40 വയസില്‍ താഴെപക്ഷാഘാതമുണ്ടാകുന്നവരുടെ നിരക്ക് വര്‍ദ്ധിച്ചുവരുന്നൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

വായയ്ക്ക്് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ പക്ഷാഘാതമാണെന്ന് സ്ഥീതീകരിക്കാം. എത്രയുംവേഗം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുക മാത്രമാണ് പോംവഴി. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച് ആദ്യത്തെ നാലരമണിക്കൂര്‍ വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ഈ സമയപരിധിക്കുള്ളില്‍ത്തന്നെ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. എത്രയും വേഗം രോഗിയെ ആശുപത്രിയിലെത്തിക്കുകയും ഫലപ്രദമായ ചികിത്സയ്ക്ക് വിധേയനാക്കുകയും ചെയ്യണം.

തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് വിദഗ്ധര്‍ പക്ഷാഘാതത്തിനുള്ള കാരണമായി കണ്ടെത്തുന്നത്. അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിനൊപ്പം കര്‍മ്മനിരതരായി ഇരിക്കുക എന്നതുമാത്രമാണ് പോംവഴി. പൊതുവേ ശാരീരിക അധ്വാനം കുറഞ്ഞ ജോലികള്‍ ചെയ്യുന്നവരാണ് ഇന്ന് കൂടുതലും. മെയ്യനങ്ങാതെ ജോലി ചെയ്യുക എന്ന ശീലത്തില്‍നിന്നും വ്യായാമം എന്നത് പതിവാക്കണം. രാവിലെയോ വൈകുന്നേരങ്ങളിലോ നടത്തം ശീലമാക്കണം.

നിലവില്‍ വളരെ ചെലവേറിയതാണ് സ്ട്രോക്ക് ചികിത്സ. എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ കൂടി സ്ട്രോക്ക് ചികിത്സ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ കീഴില്‍ സ്ട്രോക്ക് ചികിത്സയ്ക്കായി ശിരസ് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറല്‍ ആശുപത്രി എന്നീ 9 ജില്ലാ-ജനറല്‍ ആശുപത്രികളിലാണ് സ്ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here