നന്നായി ഉറങ്ങുന്നവരുടെ ഹൃദയത്തിന് നല്ല ആരോഗ്യമുണ്ടാകുമെന്ന് പഠനം. ഹൃദ്രോഗ സാധ്യത, ഹൃദയസ്തംഭനം എന്നിവ ഏറ്റവും കുറഞ്ഞിരിക്കുന്നത് നല്ല ഉറക്കശീലം പിന്തുടരുന്നവരിലാണെന്നാണ് ഗവേഷണഫലം തെളിയിക്കുന്നത്.

ഉറക്കുറവ്, അമിത ഉറക്കം, പകലുറക്കം എന്നിവ പിന്തുടരുന്നവരിലും നല്ല ഉറക്കശീലങ്ങളുള്ളവരിലും ഒരുപോലെ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. അനാരോഗ്യകരമായ ഉറക്ക രീതികളുള്ളവരെ അപേക്ഷിച്ച് ഹൃദയസ്തംഭന സാധ്യത 42% കുറവാണ് നല്ല ഉറക്കശീലമുള്ളവര്‍ക്ക്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണല്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കൃത്യസമയത്ത് കിടക്കുകയും കൃത്യസമയത്ത് രാവിലെ ഉറക്കമുണരുകയും ചെയ്യുന്നവരിലെയും ഹൃദയാരോഗ്യം മെച്ചപ്പെട്ട നിലയിലായിരുന്നു. ദിവസത്തില്‍ 7-8 മണിക്കൂര്‍ അത്തരക്കാര്‍ ഉറങ്ങുന്നു. അമിതമായ പകല്‍ ഉറക്കം അവര്‍ പിന്തുടര്‍ന്നിരുന്നില്ല.

2006 മുതല്‍ 2010-വരെ 37 മുതല്‍ 73 വയസ്സ് വരെ പ്രായമുള്ള 408,802 പേരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ 1 വരെയുള്ള ഹൃദയസ്തംഭനത്തിനിടയായ രോഗികളുടെയും വിവരങ്ങള്‍ ശേഖരിച്ചു. 10 വര്‍ഷത്തെ ശരാശരി തുടര്‍പഠനത്തില്‍ 5,221 ഹൃദയസ്തംഭന കേസുകള്‍ ഗവേഷകര്‍ രേഖപ്പെടുത്തി. ഉറക്കത്തിന്റെ പ്രശനങ്ങള്‍, ഉറക്കത്തിന്റെ ദൈര്‍ഘ്യം, ഉറക്കമില്ലായ്മ, ഗുണം എന്നിവയും ഉറക്കവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകളും കൃത്യമായി പഠനവിധേയമാക്കി.

ന്യൂ ഓര്‍ലിയാന്‍സിലെ തുലെയ്ന്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജിയിലെ എഴുത്തുകാരനും പ്രൊഫസറും അമിതവണ്ണ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ ലു ക്വിയുടെ മേല്‍നോട്ടത്തിലായിരുന്നു പഠനം.ഹൃദയസ്തംഭനത്തിനുള്ള സാധ്യത ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ 12% കുറവാണ് രേഖപ്പെടുത്തിയത്. ഇടയ്ക്കിടെ ഉറക്കമില്ലായ്മയുള്ളവരില്‍ 17% കുറവും ഒപ്പം പകല്‍ ഉറക്കം ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ 34% കുറവും കണ്ടെത്തി.

ഹൃദയസ്തംഭനമെന്നത് ഏകദേശം 26 ദശലക്ഷത്തിലധികം ആളുകളെ വര്‍ഷംതോറും ബാധിക്കുന്നുണ്ട്. എന്നാല്‍ ഉറക്കവുമായി ബന്ധപ്പെട്ട ഈ ഗവേഷണഫലം ഹൃദയാരോഗ്യ സംരക്ഷണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here