എച്ച്.ഐ.വി. കൂടുതല്‍ പേര്‍ക്ക് ബാധിച്ചോ? സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തത ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

0

തിരുവനന്തപുരം: ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച കൂടുതല്‍ പേര്‍ക്ക് എച്ച്.ഐ.വി. ബാധ ഉണ്ടായിട്ടുണ്ടോ ? രക്തം സ്വീകരിച്ച രണ്ടു കുട്ടികള്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ രക്തം സ്വീകരിച്ചവരും ബന്ധുക്കളും ആശങ്കയിലാണ്. തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആര്‍.സി.സി. ആവര്‍ത്തിക്കുമ്പോഴും അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തത് കുറവായി തന്നെ അധികൃതര്‍ അംഗീകരിക്കുന്നു.

എച്ച്.ഐ.വി. ബാധ ആദ്യം കണ്ടെത്തിയ കുട്ടിക്ക് നല്‍കിയ 49 യൂണിറ്റ് രക്ത ഘടകവും കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നുവെന്നാണ് ആര്‍.സി.സിയുടെ വിശദീകരണം. എന്നാല്‍, വിന്‍ഡോ പിരീഡിലുള്ള രക്തമാണ് ശേഖരിച്ചിരുന്നതെങ്കില്‍ രോഗബാധ തിരിച്ചറിയാന്‍ ആര്‍.സി.സിയിലെ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയില്ല. വിന്‍ഡോ പിരീഡില്‍ തന്നെ രോഗബാധ തിരിച്ചറിയാന്‍ സാധിക്കുന്ന ന്യൂക്ലിക് ആസിഡ് പരിശോധന അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല.

ഇതാകാം രോഗബാധയ്ക്ക് കാരണമെങ്കില്‍ മറ്റു ചിലര്‍ക്കു കൂടി രോഗബാധയുണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ തള്ളികളയുന്നില്ല. ഒരു ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലറ്റ്, പ്ലാസ്മ, റഡ് ബ്ലഡ് സെല്‍സ് എന്നിവ വേര്‍തിരിച്ചു മൂന്നു പേര്‍ക്കുവരെ ഉപയോഗിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് പ്ലേറ്റ്‌ലെറ്റാണ് നല്‍കിയിരുന്നത്. ഈ ദാതാവില്‍ നിന്ന് സ്വീകരിച്ച രക്തം മറ്റാര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രക്തദാതാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 49 പേരെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here