സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ കേരളത്തില്‍ 80 ലക്ഷത്തില്‍പരം പേരില്‍ വൈറസ് ബാധയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രശസ്തമായ ജോണ്‍സ് ഹോപ് കിന്‍സ് സര്‍വകലാശാലയുടെ പ്രവചനം ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം:
ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ തുടര്‍ന്നാലും സാമൂഹികമായ അകലം പാലിക്കാതിരുന്നാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ കേരളത്തില്‍ 80 ലക്ഷത്തില്‍പരം പേരില്‍ വൈറസ് ബാധയുണ്ടാകുമെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവര് 80000 പേര് ആയിരിക്കുമെന്നും അമേരിക്കയിലെ പ്രശസ്തമായ ജോണ്‍സ് ഹോപ് കിന്‍സ് സര്‍വകലാശാലയുടെ പ്രവചനം.
വൈറസ് ബാധയുള്ളവരില് ലക്ഷണമുള്ളവരും, ലക്ഷണമില്ലാത്തവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരും ഉള്‍പ്പെടുമത്രെ.
ഏപ്രില്‍ രണ്ടാംവാരത്തിനുശേഷം ഈ എണ്ണമെല്ലാം കുറയും.
സംസ്ഥാനത്ത് ആശുപത്രി കേസുകളെല്ലാം ഓഗസ്റ്റിനുമുമ്പ് അവസാനിക്കും. വൈറസ് ബാധ കുറച്ചുകൂടി നീളും.
ഇന്ത്യയിലെ സ്ഥിതി ഇപ്പോഴത്തെ സ്ഥിതിയില്‍ അതീവ ഗുരുതരമായിട്ടാണ് ജോണ്‍സ് ഹോപ് കിന്‍സ് ചൂണ്ടിക്കാണിക്കുന്നത്. വൈറസ് ബാധയുള്ളവരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരും ആശുപത്രികേസുകളുമെല്ലാം കൂടി ഏപ്രില്‍ 25 ആകുമ്പോള്‍ 20 കോടിയാകുമത്രെ. ഇതില്‍ ആശുപത്രി കേസുകള്‍ മാത്രം 25 ലക്ഷമായിരിക്കും. ഇന്ത്യയില്‍ കോവിഡ് ഓഗസ്റ്റ് അവസാനം വരെ തുടരും.
പക്ഷേ സാമൂഹികമായ അകലം പാലിച്ചാല്‍ രോഗബാധ വലിയ തോതില്‍ നിയന്ത്രിക്കാമെന്നതാണ് സത്യം. പക്ഷേ ഇന്നത്തെ നിലയില്‍ അത് എത്രത്തോളം സാധ്യമാകുമെന്നതാണ് ചോദ്യം. വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും രാജ്യം ഏറ്റെടുക്കേണ്ടിവരിക. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ ഇറ്റലിയിലെപ്പോലെ സൈന്യത്തിന്റെ സഹായം പോലും വേണ്ടിവരും. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളായി ജോണ്‍സ് ഹോപ് കിന്‍സ് ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്.
പരിശോധനയിലെ കാലതാമസം. ഇപ്പോഴെ നിയന്ത്രിച്ചാല്‍ അവസാനത്തെ ഓട്ടവും തിരക്കും ഒഴിവാക്കാം.
അതിര്‍ത്തി അടച്ചിട്ടതുകൊണ്ട് വലിയ പ്രയോജനമില്ല. രാജ്യാന്തര പകര്‍ച്ച പിന്നീട് ആഭ്യന്തര പകര്‍ച്ചയ്ക്ക് വഴിമാറും.
ലോക്ഡൌണ് കൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം കിട്ടിയെന്നു വരില്ല. സംസ്ഥാനങ്ങള്‍ രോഗപകര്‍ച്ചയുടെ സ്വഭാവം മനസിലാക്കി നടപടി സ്വീകരിക്കണം.
രോഗികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന അപകടം മുന്‍കൂട്ടി കാണണം. കിടക്കകളുടെ എണ്ണം, ഓക്സിജന്‍ ഫ്ലോ, മാസ്ക്, വെന്റിലേറ്റര്‍ എന്നിവയെല്ലാം ഒരുക്കേണ്ടിവരും.
ചൂടും ഈര്‍പ്പവും കൂടുമ്പോള്‍ രോഗം കുറയുമെന്നതിന് തെളിവില്ലെങ്കിലും വൈറസിന്റെ സ്വഭാവത്തെ ഈ ഘടകങ്ങള്‍ ബാധിച്ചേയ്ക്കാം.
കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം.
ഇന്ത്യയില്‍ പത്തുലക്ഷം വെന്റിലേറ്ററുകള്‍ വേണ്ടിവരുമ്പോള്‍ അതിന്റെ അഞ്ചു ശതമാനം മാത്രമേ ഇപ്പോഴുള്ളും. കേരളത്തിന്റെ കാര്യവും കഷ്ടത്തിലാണ്.