ഡല്‍ഹി: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി എയിംസിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ഇത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയടക്കം സാരമായി ബാധിച്ചു. കാഷ്വാലിറ്റിയിടെയും ഒ.പിയുടേയും പ്രവര്‍ത്തനം തടസപ്പെട്ടു. വാര്‍ഡുകളില്‍ രോഗികള്‍ മാത്രമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. അനുകൂല തീരുമാനമില്ലെങ്കില്‍ കൊവിഡ് പ്രതിരോധത്തില്‍ പോലും സഹകരിക്കേണ്ടതില്ലെന്നാണ് സമരക്കാരുടെ നിലപാട്. ആറാം ശമ്പളകമ്മിഷന്‍ ശുപാര്‍ശയ്ക്ക് അനുസൃതമായ ശമ്പളപരിഷ്‌കാരം നടപ്പാക്കുക, കൊവിഡ് പ്രതിരോധത്തില്‍ മുന്നണിയിലുള്ള നഴ്സുമാര്‍ക്കും റിസ്ക് അലവന്‍സ് ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മലയാളികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ നഴ്സുമാര്‍ സമരത്തിനിറങ്ങിയത്.

നാളെ സമരം തുടങ്ങാനായിരുന്നു നഴ്സുമാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പണിമുടക്ക് മറികടക്കാന്‍ നൂറിലേറെ താത്കാലിക ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ എയിംസ് അഡ്മിനിസ്ട്രേഷന്‍ തീരുമാനിച്ചതാണ് ഇന്നലെ തന്നെ സമരത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് എയിംസ് നഴ്സസ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അയ്യായിരത്തോളം നഴ്സുമാരാണ് യൂണിയനിലുള്ളത്.

അതേസമയം സമരം അവസാനിപ്പിക്കണമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ അഭ്യര്‍ത്ഥിച്ചു.23 ഓളം ആവശ്യങ്ങളാണ് നഴ്‌സുമാരുടെ യൂണിയന്‍ മുന്നോട്ടുവച്ചത്. അതില്‍ പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും നടപ്പാക്കിയതായും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here