പേരാമ്പ്രയ്ക്കു പിന്നാലെ ബാലുശേരിയില്‍, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി, ഇനിയും നിപ്പ കണ്ടെത്തിയാല്‍ രണ്ടാം ഘട്ടം ഗുരുതരമാകുമെന്ന് ആശങ്ക

0

നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരണമടഞ്ഞ ബാലുശ്ശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്‍കി. കോടതി ജീവനക്കാരന്‍ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ അടുത്ത 10 ദിവസത്തേക്ക് കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നു കാണിച്ച് ജില്ലാ കലക്ടര്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ടു നല്‍കി.

പേരാമ്പ്രയില്‍ നിന്ന് നിപ്പ ബാലുശ്ശേരിയിലും എത്തിയത് ജില്ലയില്‍ ഭീതി വര്‍ദ്ധിപ്പിക്കുകയാണ്. വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി. ഒപ്പം ജാഗ്രതാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ പനി ബാധിച്ച് ചികിത്സ തേടിയതിനു പിന്നാലെയാണ് ആശുപത്രിയിലെ ആറു ഡോക്ടര്‍മാരോടും നഴ്‌സിംഗ് ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

നിപ്പ വയറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്‌ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ടെ ആശങ്ക രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 1407 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലും സി.ടി സ്‌കാന്‍ മുറിയിലും മേയ് അഞ്ച് രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചുവരെയും 14ന് രാത്രി ഏഴു മുതല്‍ ഒമ്പതുവരെയും സന്ദര്‍ശിച്ചവരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ 18,19 തീയതികളില്‍ ഉച്ചവരെ സന്ദര്‍ശിച്ചവരും സ്‌റ്റേറ്റ് നിപ്പ സെല്ലില്‍ വിവരമറിയിക്കണമെന്നാണ് നിര്‍ദേശം. ബന്ധപ്പെടുന്നതിനായി 0495 2381000 എന്ന നമ്പറും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ നിന്നാണ് വൈറസ് കൂടുതലായി വ്യാപിച്ചിട്ടുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം.
നിപ്പയ്ക്ക് ഫലപ്രദമെന്നു കരുതുന്ന മരുന്ന് ഓസ്‌ട്രേലിയയില്‍ നിന്ന് ഉടന്‍ സംസ്ഥാനത്ത് എത്തിക്കും.

നിപ്പ ഭീതി വര്‍ദ്ധിച്ചതോടെ മലബാറില്‍ പ്രതിസന്ധികള്‍ രൂക്ഷമാവുകയാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുനന്ത് ഭീതി വര്‍ദ്ധിപ്പിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലോ സിനിമാ തീയറ്ററുകളിലോ എന്തിന കച്ചവട സ്ഥാപനങ്ങളില്‍ പോലും ആളുകള്‍ എത്തുന്നത് കുറഞ്ഞിരിക്കയാണ്. ഇതുവരെ 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ബാധ സ്ഥിരീകരിക്കാത്ത ഒരാളടക്കം 17 പേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here