മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ എത്തി

0

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ പുതിയ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററില്‍ ആദ്യമായി അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ സര്‍ജറി വിഭാഗത്തിന് സമീപത്തായി പ്രവര്‍ത്തിച്ചുവരുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീനെ കൂടാതെയാണ് പുതിയ ഈ സംവിധാനം.

ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് സമയം പാഴാക്കാതെ തന്നെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എടുക്കാന്‍ കഴിയും. അപകടം പറ്റി വരുന്ന രോഗികളുടെ വയറ്, നെഞ്ച് എന്നിവിടങ്ങളിലെ രക്തവാര്‍ച്ചയും ശ്വാസകോശം, ഹൃദയം എന്നിവയുടെ അവസ്ഥയും വളരെ കൃത്യമായറിയാന്‍ ഈ സ്‌കാനിംഗിലൂടെ കഴിയുന്നു. ഇതുകൂടാതെ രക്തം വാര്‍ന്ന് പോകുന്ന രോഗികള്‍ക്ക് വലിയ ട്രിപ്പ് നല്‍കാനായി എളുപ്പത്തില്‍ ഞരമ്പുകള്‍ കണ്ടു പിടിച്ച് സെന്‍ട്രല്‍ ലൈന്‍ ഇടാനും ഈ സ്‌കാനിംഗിലൂടെ കഴിയും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തെ ഞരമ്പുകള്‍ കണ്ടുപിടിക്കാന്‍ കഴിയുന്നതു കൊണ്ട് ആ ഭാഗം മാത്രം മരവിപ്പിച്ച് ഫലപ്രദമായി അനസ്തീഷ്യ നല്‍കാനും സഹായിക്കുന്നു.

ശരീര ഭാഗങ്ങള്‍ മുറിഞ്ഞ് വരുന്ന രോഗികള്‍ക്ക് ആ ഭാഗത്തെ രക്തയോട്ടം വളരെപ്പെട്ടന്ന് കണ്ടു പിടിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷവും ആ ഭാഗത്തെ രക്തയോട്ടവും പരിശോധിക്കാവുന്നതാണ്. ഇങ്ങനെ ഓപ്പറേഷന്‍ തീയറ്ററിലുള്ള സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ കഴിയും.

13 ലക്ഷം വിലയുള്ളതാണ് ഈ അത്യാധുനിക അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് മെഷീന്‍. ഈ മെഷീന്‍ ഉപയോഗിക്കണ്ട വിധത്തെപ്പറ്റി ഡോക്ടര്‍മാര്‍ക്കും പി.ജി. ഡോക്ടര്‍മാര്‍ക്കും വിദഗ്ധ പരിശീലനവും നല്‍കിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here