അവയവദാനത്തിലൂടെ 3 പേര്‍ക്ക് പുതുജീവന്‍ നല്‍കി മനു മോഹന്‍

0
3

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം നെല്ലിമൂട് കൈവന്‍വിള വേങ്ങനിന പുത്തന്‍ വീട്ടില്‍ മോഹനന്റെ മകന്‍ മനുമോഹന്‍ (22) മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്‍കി. അവയവ ദാനത്തിലൂടെ മനു മോഹന്റെ കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് മറ്റുള്ളവരിലൂടെ ഇനി ജീവിക്കുന്നത്.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്തിഷ്‌ക മരണ സ്ഥിരീകരണമായിരുന്നു ഇത്. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്ക് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നുള്ള നിര്‍ദേശമുണ്ടായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായി ഡി.എച്ച്.എസിന്റെ കീഴില്‍ ജില്ലകള്‍ തോറും ഡെപ്യൂട്ടി ഡി.എം.ഒ.മാരെ നിയമച്ചിരുന്നു. ഇതിനായി അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ആ ഡെപ്യൂട്ടി ഡി.എം.ഒ. ഉള്‍പ്പെടെ 4 ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയിരുന്നിട്ടുകൂടി പൂറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്‌ക മരണ സ്ഥിരീകരണം.

എയര്‍പോര്‍ട്ടില്‍ കരാറടിസ്ഥാനത്തില്‍ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനു മോഹന്‍. നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിലെ ദിവ്യബലി ഉത്സവ സമാപന ദിവസത്തില്‍ രാത്രി കൈവന്‍വിള പെട്രോള്‍ പമ്പിന്റെ സമീപം വച്ച് സഞ്ചരിച്ച ബൈക്ക് തെന്നി തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

അപകടം ഉണ്ടായ ഉടന്‍ തന്നെ മനു മോഹനെ പി.ആര്‍.എസ്. ആശുപത്രിയില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മനുമോഹനെ വെന്റലേറ്റര്‍ സൗകര്യമുള്ള ആമ്പുലന്‍സില്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ കിംസ് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടത്തെ പരിശോധനയില്‍ 99 ശതമാനവും മസ്തിഷ്‌ക മരണത്തിനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ സൗകര്യം ലഭ്യമായതിനെ തുടര്‍ന്ന് ബുധനാഴ്ച എസ്.എസ്.ബി. മെഡിക്കല്‍ ഐ.സി.യു.വില്‍ മനു മോഹനെ പ്രവേശിപ്പിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മനു മോഹന് മസ്തിഷ്‌ക മരണം സംഭവിച്ചു.

തുടര്‍ന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങളനുസരിച്ച് 4 ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട മകന്‍ അകാലത്തില്‍ പൊലിഞ്ഞെന്നുള്ള സത്യം മനസിലാക്കിയ ബന്ധുക്കള്‍ അവയവദാനത്തിന് സ്വയമേ തയ്യാറാകുകയായിരുന്നു. പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയായ ബീനയാണ് മനു മോഹന്റെ അമ്മ. അവയവദാന ശസ്ത്രക്രിയയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് പൂര്‍ണ ബഹുമതിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here