പുതിയകാല രോഗ ചികിത്സകള്‍ക്ക് കരുതല്‍, കൊച്ചിയില്‍ പുതിയ ക്യാന്‍സര്‍ സെന്റര്‍, ആംബുലന്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്ക് ശ്യംഖല സ്ഥാപിക്കും

0

തിരുവനന്തപുരം: ഉപ്പയുടെ ചികിത്സയ്ക്ക് പണ്ടങ്ങളോരോന്നായി പണയം വയ്ക്കുമ്പോഴുള്ള ഉമ്മയുടെ മുഖത്തെ നിസംഗത അലട്ടിയ കുട്ടിക്കാലം ബി.എം. സുഹ്‌റയുടെ ഒരു കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നുവെന്ന് ബജറ്റില്‍ ഐസക്. സാധാരണക്കാരന് ജീവിത ശൈലി രോഗങ്ങള്‍ക്കടക്കം ഗുണമേന്മയുള്ള ചികിത്സ താങ്ങാവുന്ന ചെലവിന് ഉറപ്പുവരുത്തലാണ് ലക്ഷ്യമെന്നു പറയുന്ന ഐസക് പ്രഖ്യാപിച്ചിട്ടുള്ള നടപടികള്‍ ഇവയാണ്:

  • കിഫ്ബിയുടെ സഹായത്തോടെ മെഡിക്കല്‍ കോളജ്, ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വലിയ തോതില്‍ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 558 ഡോക്ടര്‍മാര്‍, 1385 നഴ്‌സുമാര്‍, 876 പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിച്ചു.
  • 80 ശതമാനം ക്യാന്‍സര്‍ രോഗികള്‍ക്കും പൊതുമേഖലയില്‍ ചികിത്സ സൗകര്യം: എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നതിനൊപ്പം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ആര്‍.സി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ ഈ നിലവാരമുള്ള പുതിയ ക്യാന്‍സര്‍ സെന്ററര്‍ ആരംഭിക്കും.
  • എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത്‌ലാബ്, ഓപ്പറേഷന്‍ സംവിധാനങ്ങളോടു കൂടിയ കാര്‍ഡിയോളജി വകുപ്പുകള്‍.
  • ജില്ലാ ജനറല്‍ ആശുപത്രികളില്‍ എമര്‍ജന്‍സി മെഡിസിന്‍ഡിപ്പാര്‍ട്ട്‌മെന്റ്, താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍.
  • നിലവിലുള്ള ആര്‍എസ്ബിവൈ സ്‌കീമില്‍ ആനുകൂല്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം അടച്ചിട്ടാണെങ്കിലും ദേശീയ സ്‌കീമില്‍ ഉള്‍പ്പെടുത്തും.
  • ശാസ്ത്രീയ തരംതിരിവിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പൗരന്മാരുടെയും ബ്ലഡ് ഷുഗര്‍, കോളസ്‌ട്രോള്‍ അടക്കമുള്ള ആരോഗ്യനില പി.എച്ച്.സി.അടിസ്ഥാനമാക്കി മോണിച്ചര്‍ ചെയ്യാന്‍ സംവിധാനം സൃഷ്ടിക്കും.
  • അപകട സ്ഥലത്തുനിന്ന് പ്രത്യേക മൊബൈല്‍ ആപ്പില്‍ സന്ദേശം നല്‍കിയാല്‍ ഏറ്റവും അടുത്ത ആംബുലന്‍സ് എത്തിച്ചേര്‍ന്ന് അടുത്തുള്ള അനുയോജ്യമായ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാന്‍ സംവിധാനം. ഇന്‍ഷ്വറന്‍സ് വഴി പിന്നീട് പണം നല്‍കി സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിക്കും.
    യൂബര്‍ ടാകസി മാതൃകയില്‍ ആംബുലന്‍സ് സര്‍വീസ് നെറ്റ്‌വര്‍ക്ക് ശ്യംഖല സ്ഥാപിക്കും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here