കനിവ് 108: ആദ്യഘട്ടം നിരത്തിലിറങ്ങുന്നത് നൂറ് ആംബുലന്‍സുകള്‍

0

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ് 108’ ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.

അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്. സെപ്തംബര്‍ 17-ന് 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കും. ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂര്‍ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലാണ് ക്രമീകരണം. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലന്‍സുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ദേശീയ പാതകളില്‍ ഓരോ 30 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സുകളെ വിന്യസിക്കും.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും പദ്ധതിയില്‍ പ്രയോജനപ്പെടുത്തും.ആംബുലന്‍സുകളില്‍ പരിശീലനം സിദ്ധിച്ച പൈലറ്റും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനും അടങ്ങുന്ന സാങ്കേതികത്തികവുള്ള ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവല്‍ക്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ആദ്യ പടിയാണ് മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ സ്ഥാപിച്ചു വരുന്നത്. 48 മണിക്കൂര്‍ ‘ഗോള്‍ഡന്‍ അവര്‍’ സൗജന്യ ചികിത്സ നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here