ലോകം മുഴുവന്‍ കൊറോണ താണ്ഡവമാടുകയാണ്. വയറസിനെ നേരിടാനുള്ള കൃത്യമായ മാര്‍ഗങ്ങള്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ലഭ്യമായ വിവരങ്ങളും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ വയറസ് വ്യാപനം പരമാവധി തടഞ്ഞുകൊണ്ട് പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകം.

യുറോപ്യന്‍ രാജ്യങ്ങളാണ് നിലവില്‍ കൊറോണ വയറസിന്റെ പ്രഭവ കേന്ദ്രങ്ങളെന്നാണ് നിഗമനം. മരണസംഖ്യ ആറായിരം പിന്നിടുകയും രോഗബാധിതര്‍ രണ്ടു ലക്ഷത്തോട് അടുക്കുകയും ചെയ്യുന്നതോടെ ലോകം മുഴുവന്‍ ആശങ്കയിലാണ്.

ഇറ്റലിയിലാണ് വയറസിന്റെ ഭീകര പ്രഹരത്തില്‍ മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച മാത്രം 368 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ചൈനയ്ക്കു പുറത്ത് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇറ്റലിയിലാണ്. 24,747 പേര്‍ക്ക് ഇതുവരെ വയറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണങ്ങളുടെ 70 ശതമാനവും കോവിഡ് 19 പടര്‍ന്നു പിടിച്ച വടക്ക ലംബോര്‍ഡിലാണെന്നതും ശ്രദ്ധേയമാണ്.

ഇറ്റലിക്കു പിന്നാലെ യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കൊറോണ പടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 2000 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തിനും ജോലിക്കും ചികിത്സയ്ക്കുമല്ലാതെ വീട്ടില്‍ നിന്നു പുറത്തിറങ്ങരുതെന്നാണ് സ്‌പെയിനില്‍ ജനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

പൊതുവേ ദുര്‍ബലമായ സമ്പദ്ഘടനയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കൊറോണ എത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here